തൊടുപുഴ: വാക്കുതർക്കത്തിനൊടുവിൽ കൊറിയർ സർവീസ് ഉടമ യുവാവിന്റെ ചെവി കടിച്ചുമുറിച്ചതായി പരാതി. ചെവിയുടെ ഒരുഭാഗം അറ്റു പോയ നിലയിൽ പുതുപ്പരിയാരം ചാഴിപ്പാറയിൽ ബേസിലിനെ (30) കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ ടൗണ്‍ഹാൾ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന അതുല്യ കൊറിയർ സർവീസ് ഉടമ വെങ്ങല്ലൂർ പാറയിൽ അനിൽ കുമാറിനെ (48) ചെവിക്കു പരിക്കേറ്റ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
കൊറിയർ സ്ഥാപനത്തിൽനിന്നുള്ള ഉരുപ്പടികൾ നേരത്തെ ബേസിൽ ഓടിച്ചിരുന്ന വാഹനത്തിലാണ് വിതരണത്തിനെത്തിച്ചിരുന്നത്. അനിൽകുമാർ ഇന്നലെ കൊറിയർ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് ബേസിൽ പറഞ്ഞു.
ഇടതു ചെവിയുടെ ഒരുഭാഗം അറ്റുപോയ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സാന്പത്തിക പ്രശ്നത്തിന്റെ പേരിലാണ് തർക്കമുണ്ടായതെന്നാണ് അനിൽകുമാർ പറയുന്നത്. ഇതേസമയം അനിൽകുമാറിന്റെ ഭാര്യയും ഓഫീസിൽ ഉണ്ടായിരുന്നു.
എന്നാൽ അനിൽകുമാറുമായി സാന്പത്തിക തർക്കമില്ലെന്നും തന്നെ പ്രകോപനംകൂടാതെ ആക്രമിക്കുകയായിരുന്നെന്നും ബേസിൽ പറഞ്ഞു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. രണ്ടുപേരുടെയും മൊഴിയെടുത്തതിനുശേഷം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.