പത്തനംതിട്ട: സംസ്ഥാന സർക്കാർ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കുള്ള സ്പിരിറ്റിൽ തിരിമറി നടത്തിയ സംഭവത്തിൽ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്.
ജനറൽ മാനേജര്‍ അലക്സ് പി.എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി. കെഎസ്ബിസി എംഡി യോഗേഷ് ഗുപ്തയാണ് ഉത്തരവിട്ടത്.
നിര്‍ത്തിവച്ച മദ്യഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റമ്മാണ് ഉത്പാദിപ്പിക്കുന്നത്.
പ്രതിമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് വിദേശമദ്യ നിർമാണത്തിനായി പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിക്കൊണ്ടിരുന്നത്. മധ്യപ്രദേശിൽനിന്നാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്.
കഴിഞ്ഞദിവസം ഇത്തരത്തിൽ എത്തിച്ച സ്പിരിറ്റിൽ 20,687 ലിറ്ററിന്റെ കുറവ് കണ്ടെത്തിയിരുന്നു. ജനറൽ മാനേജരടക്കം ഏഴുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. സ്പിരിറ്റ് എത്തിച്ച ടാങ്കർ ലോറികളിലെ ഡ്രൈവർമാരും അക്കൗണ്ടന്റും അടക്കം അറസ്റ്റിലായി.