കുന്നംകുളം: സിപിഎം കരുവന്നൂർ ചൂടിൽ വെന്തുരുകുന്പോൾ കോണ്‍ഗ്രസിനെ വെട്ടിലാക്കി കുന്നംകുളം കാട്ടാകാന്പാലിലും സഹകരണതട്ടിപ്പിന്റെ അന്വേഷണം മുറുകുന്നു.
കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന കാട്ടുകാന്പാൽ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയതോടെ കരുവന്നൂരിനു പുറമെ ഒരു സഹകരണസ്ഥാപനത്തിലെ തട്ടിപ്പുകൂടി മറനീക്കി പുറത്തുവരികയാണ്.
സൊസൈറ്റിയിൽ നടന്ന സാന്പത്തിക തട്ടിപ്പും തിരിമറിയും മാസങ്ങൾക്കു മുന്നേ കണ്ടെത്തുകയും സഹകരണ അസി.രജിസ്ട്രാർക്ക്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
ഇതിന്റെ അന്വേഷണം ഇപ്പോൾ സജീവമായി മുന്നോട്ടുപോവുകയാണ്. പുതിയ പരാതികൾ ഇപ്പോഴും പോലീസിന് ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വൻതട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ വി.ആർ സജിത് മറ്റാരും അറിയാതെ അനധികൃതമായി കള്ള ഒപ്പിട്ട് ആധാരങ്ങളും, വായ്പക്കപേക്ഷിച്ചവർ സമർപിച്ച ശന്പള സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ലക്ഷങ്ങൾ വായ്പ എടുക്കുകയും, ബാങ്കിൻറെ ഫണ്ടുകൾ തട്ടിയെടുക്കുകയും ചെയ്തതായാണ് പ്രാഥമികമായ വിലയിരുത്തൽ.
വ്യാജരേഖ ചമച്ചും കള്ള ഒപ്പിട്ടുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഇയാൾ വായ്പയെടുത്തത് ഇടപാടുകാർ അറിഞ്ഞിരുന്നില്ല. ഇടപാടുകാരുടെ വസ്തുവഹകൾ ജപ്തി ചെയ്യും എന്നറിയിച്ച് സംഘം നോട്ടീസ് അയച്ചപ്പോഴാണ് ആളുകൾ വിവരം അറിയുന്നത്.
സൊസൈറ്റിയിൽ പണയപ്പെടുത്തിയ സ്വർണം, ചിലരുടെ ശന്പള സർട്ടിഫിക്കറ്റുകൾ, ആധാരങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ബാങ്കിൽ 73 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 700 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും ബാങ്കിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ഇത് സംബന്ധിച്ച് പരാതി സൊസൈറ്റി അധികൃതർക്ക് ലഭിച്ചപ്പോഴാണ് ഇതിൽ അന്വേഷണം നടത്തിയത്. ബാങ്ക് ഭരണസമിതിയും ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും സജിത്തിനെ സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.
സഹകരണ സംഘം ഭരണസമിതി പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്ററെ വെച്ച് സഹകരണ നിയമം 65,66,68 അനുസരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറോട് സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കാട്ടാകാന്പാൽ മൾട്ടിപ്പർപ്പസ് സഹകരണ സംഘം കോണ്‍ഗ്രസിന്റെ പൂർണ നിയന്ത്രണത്തിലാണ്. സംഘം തുടങ്ങിയതു മുതൽ ഇന്നേവരെ മറ്റൊരു പാർട്ടിക്കാരും ഭരിക്കാത്ത സഹകരണ സംഘമാണിത്.