കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബിജെപി വ്യാപകമായി വോട്ട് മറിച്ചതായി സിപിഎം വിലയിരുത്തല്‍ . കോഴിക്കോടും വടകരയിലും കടുത്ത മത്സരമാണ് നടന്നതെന്നും ബിജെപി വോട്ട്മറിച്ചതുമാത്രമാണ് വിജയപ്രതീക്ഷയ്ക്ക് അല്‍പ്പം മങ്ങലേല്പ്പിച്ചതെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. സംഘടനാസംവിധാനം പുര്‍ണമായും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു.
കോഴിക്കോട്ടെയും വടകരയിലെയും ഉയര്‍ന്ന പോളിംഗ് ശതമാനത്തെക്കുറിച്ച് വിലയിരുത്താന്‍ കോഴിക്കോട്ട് സിപിഎംജില്ലാ നേതാക്കള്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് 81.47%, വടകര 82.48% എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് 79.75 ശതമാനവും വടകരയില്‍ 81.13 ശതമാനവും വോട്ടുകളാണ് പോള്‍ ചെയ്തത്. വിശദമായ വിലയിരുത്തലില്‍ മിക്കയിടത്തും കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയെന്നാണ് സിപിഎം പറയുന്നത്.
തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ വടകരയില്‍ കോ-ലീ-ബി രഹസ്യസഖ്യമുണ്ടെന്ന് (കോണ്‍ഗ്രസ്-ലീഗ്-ബിജെപി) സ്ഥാനാര്‍ഥി പി.ജയരാജനടക്കം ആരോപിച്ചിരുന്നതാണ്. പോളിംഗിനുശേഷം സിപിഎം ആരോപണം ആവര്‍ത്തിക്കുകയാണ്. ഇരു മണ്ഡലങ്ങളിലും വളരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും കാര്യമായി പ്രചാരണം പോലും നടത്താതിരുന്നതും ഇതിന് തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
പി. ജയരാജന് മത്സരിക്കുന്ന വടകരയില്‍ സിപിഎമ്മിന് അഭിമാനപ്പോരാട്ടമാണ്. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ എംഎല്‍എമാരിലൊരാളായ എ.പ്രദീപ് കുമാറായിരുന്നു കോഴിക്കോട്ട് സ്ഥാനാര്‍ഥി. ഈ രണ്ടിടങ്ങളിലും തിരിച്ചടിയുണ്ടായേക്കാമെന്ന വിലയിരുത്തലില്‍ സിപിഎമ്മിന് വലിയ ആശങ്കയുണ്ട്. കോണ്‍ഗ്രസിന് വോട്ടുകള്‍ മറിച്ചു വിറ്റെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മറ്റ് മണ്ഡലങ്ങളിലും സമാനമായ വോട്ട് കച്ചവടം നടന്നിരിക്കാമെന്നും മോഹനന് ആരോപിച്ചു. വോട്ട് കച്ചവടം പുതിയ കാര്യമല്ല. പല രീതിയില്‍ വോട്ട് വിറ്റിട്ടുണ്ട്. അത് ഞങ്ങള്‍ നേരിട്ട് പരിശോധിച്ച ശേഷം എത്തിയ വിലയിരുത്തലാണിത്. ഈ കാര്യം സിപിഎം മുന്‍കൂട്ടി കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രവര്‍ത്തനം നടത്തിയതെന്നും പി.മോഹനന് വ്യക്തമാക്കി.
വടകരയിലെ പലയിടത്തും ബൂത്തുകളില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്നാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ കൊടുത്തതെന്നാണ് സിപിഎം പറയുന്നത്. നാദാപുരത്തെ ചില ബൂത്തുകളില്‍ താനിത് നേരിട്ട് കണ്ടുവെന്നും ജില്ലാ സെക്രട്ടറി പറയുന്നു. നേരത്തേ സ്ലിപ്പുകള്‍ കൊടുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിയില്ലെന്നതും പോളിംഗ് ദിവസം പോലും ബിജെപി സ്ഥാനാര്‍ഥികള്‍ പുറത്തിറങ്ങാതിരുന്നതും ഇതിന് തെളിവാണെന്നും മോഹനന് പറയുന്നു.
തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി കാര്യമായ പ്രവര്‍ത്തനം നടത്തിയതും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നുമാണ് സിപിഎം പറയുന്നത്.