പത്തനംതിട്ട: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്നുയരുന്ന തട്ടിപ്പുകള്‍ പാര്‍ട്ടിക്കു തലവേദനയാകുന്നു. പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന നിരവധി സഹകരണബാങ്കുകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി സാമ്പത്തിക തിരിമറികളുണ്ടായി.
നല്ല നിലയിലായിരുന്ന പല ബാങ്കുകളുടെയും നിലനിൽപ് തന്നെ ഭീഷണിയിലാണ്. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പ്രാദേശിക നേതാക്കളുള്‍പ്പെട്ട സാമ്പത്തിക തിരിമറി പരാതികള്‍ ശക്തമാകുന്നത്.
വയ്യാറ്റുപുഴ സഹകരണ ബാങ്കില്‍ നിന്ന് വ്യാജരേഖ ഉപയോഗിച്ച് 18 ലക്ഷം തട്ടിയെന്ന പരാതിയില്‍ ആരോപണ വിധേനായിട്ടുള്ളത് സിപിഎം പ്രാദേശിക നേതാവാണ്. ബാങ്കിലെ ജീവനക്കാരന് കൂടിയായിരുന്നു നേതാവ്.
ഭരണസമിതിയോഗത്തിന്റെ തീരുമാനപ്രകാരം ബാങ്ക് സെക്രട്ടറി ജില്ലാ പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാങ്കിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്ന പി.ബിജുവിനെ സസ്പെന്‍ഡ് ചെയ്തു.
പണം തിരിച്ചടയ്ക്കാന്‍ അവസരം നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെ പരാതി ശക്തമാക്കാനാണ് തീരുമാനം. സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്. പഴകുളം കിഴക്ക് സഹകരണ ബാങ്കില്‍ നിന്ന് കഴിഞ്ഞദിവസം 45 ലക്ഷം രൂപയുടെ തിരിമറിയാണ് പുറത്തുവന്നത്.
അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് ശാഖ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പില്‍ ബ്രാഞ്ച് മാനേജരും പ്യൂണും പ്രതികളായിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണകാലത്താണ് തട്ടിപ്പ് നടന്നത്.
സെക്രട്ടറിയെ കേസില്‍ നിന്നൊഴിവാക്കി. ബാങ്കിലെ തട്ടിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎം ഒഴിഞ്ഞുമാറി. നടപടിക്കു വിധേയരായ ജീവനക്കാരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അവർ ബിജെപി, കോണ്‍ഗ്രസ് പ്രവര്ത്തകരാണിവരെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.