ചേർത്തല: സഹകരണസംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ ജീവനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തണ്ണീർമുക്കം പഞ്ചായത്ത് 23-ാം വാർഡിൽ ശ്യാമാലയത്തിൽ പ്രവീണ്‍ (39) ആണ് പിടിയിലായത്. വാരനാട് യുണൈറ്റഡ് ബ്രിവറീസ് സഹകരണ സംഘത്തിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഈ സംഘത്തിലെ ഓണററി സെക്രട്ടറിയായ പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്ത്.
സഹകരണ വകുപ്പിന്റെ ഓഡിറ്റിങ് വിഭാഗം സംഘത്തിൽ നടത്തിയ പരിശോധനയിൽ 12 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് ജോയിന്റ് രജിസ്ട്രാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ലോണ്‍ നൽകിയും ഡിപ്പോസിറ്റ് സ്വീകരിച്ചുമായിരുന്നു ക്രമക്കേട് നടത്തിയിരുന്നത്. വായ്പ എടുത്തവരിൽ ഭൂരിഭാഗവും തിരിച്ചടച്ചിട്ടില്ല. ഫിക്സഡ് ഡിപ്പോസിറ്റ് വാങ്ങിയതായി പലർക്കും രസീത് നൽകിയെങ്കിലും സ്ഥാപനത്തിന്റെ കണക്കിൽ രേഖപ്പെടുത്തിയിരുന്നില്ല.
ലോണ്‍ നൽകരുതെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചവർക്കുപോലും വായ്പ നൽകിയതായും ഇവർ പണം തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാക്ഡവലിലെ ബിഎംഎസ് യൂണിയൻ സെക്രട്ടറിയാണ് പ്രവീണ്‍. ലക്ഷങ്ങളുടെ വെട്ടിപ്പ് പുറത്തായതിനെതുടർന്ന് പ്രവീണിനെ ബിഎംഎസിൽ നിന്നും പുറത്താക്കിയിരുന്നു. ബിഎംഎസും ഐഎൻടിയുസിയും ചേർന്നാണ് സംഘത്തിന്റെ ഭരണം നടത്തുന്നത്.
വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ വകുപ്പ് ഭരണസമിതി പിരിച്ചുവിട്ട് ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഏകദേശം 45 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി എസ്ഐ സി.സി പ്രതാപചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഭരണസമിതി അംഗങ്ങൾക്ക് പങ്കുണ്ടോയെന്നും വിശദമായി അന്വേഷണം നടത്തുന്നുണ്ട്.