പാലക്കാട്: കോച്ച് ഫാക്ടറിയോട് മാത്രമല്ല കേരളത്തിൽ ഓടുന്ന ട്രെയിനുകളോടും റെയിൽവേ അധികൃതർക്ക് അവഗണനയാണ്. കേരളത്തിലോടുന്ന ട്രെയിനുകൾ വൈകിപ്പിക്കുന്നത് പകപോക്കലിന്റെ ഭാഗമാണെന്നും എൽഡി എഫ് കണ്‍വീനർ എ വിജയരാഘവൻ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ആരംഭിക്കുന്ന തുടർ പ്രക്ഷോഭ കണ്വെൻഷൻ പാലക്കാട് ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിനുകൾ അതിർത്തികൾ വരെ കൃത്യസമയം പാലിക്കുന്നുവെങ്കിലും തുടർന്ന് കേരളത്തിലൂടെ സർവ്വീസ് നടത്തുന്പോൾ മണിക്കൂറുകളോളം പിടിച്ചിട്ട് റെയിൽവേ അധികൃതർ വൈകിപ്പിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ട്രെയിനിന് അനുദിനം വേഗത വർധിപ്പിക്കുന്ന റെയിൽവേ അധികൃതർ കേരളത്തിൽ വേഗത കുറച്ചാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നതെന്നും.
മുപ്പത് കിലോമീറ്റർ ആവറേജ് സ്പീഡിലേക്ക് ട്രയിനിന്റെ വേഗത എത്തി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോച്ച് ഫാക്ടറി നിർത്തലാക്കുക വഴി കേരളത്തോടുളള വിവേചനം റെയിൽവേ പൂർണമാക്കുകയാണ് ചെയ്തതെന്നും സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുകയാണ് ബി ജെ പി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോച്ച് ഫാക്ടറി യാഥാർഥ്യമാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 15 മുതൽ 18 വരെ നിയോജകമണ്ഡലം കമ്മിറ്റികളും 25 നുളളിൽ പഞ്ചായത്ത് തല യോഗങ്ങളും ചേർന്ന് ആഗസ്റ്റ് രണ്ട് മുതൽ 15 വരെ കേന്ദ്രസർക്കാരിന് നൽകുന്ന ഭീമ ഹർജിയുടെ നിവേദനത്തോടനുബന്ധിച്ചുള്ള ഒപ്പുശേഖരണം നടത്തുന്നതിനും കണ്വൻഷൻ തീരുമാനിച്ചു.
സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷതവഹിച്ച യോഗത്തിൽ മുൻ റവന്യുമന്ത്രിമാരായ കെ ഇ ഇസ്മയിൽ, കെ പി രാജേന്ദ്രൻ, എം ബി രാജേഷ് എം പി, കെ കൃഷ്ണൻകുട്ടി എം എൽ എ, സുഭാഷ് പുഞ്ചക്കോട്ടിൽ, റസ്സാക് മൗലവി, സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ,എൽ ഡി എഫ് ജില്ലാ കണ്‍വീനർ വി ചാമുണ്ണി, കെ ആർ ഗോപിനാഥ്, എം എൽ എ മാരായ കെ വി വിജയദാസ്, മുഹമ്മദ് മുഹ്സിൻ, കെ ഡി പ്രസേനൻ, എൻ സി പി ജില്ലാ പ്രസിഡന്റ് ഓട്ടൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.