പാലക്കാട് : കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്ന് എംപിയുടെ പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് ഭാരതീയ ജനതാ പാർട്ടി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്. എംപിക്ക് നല്കിയെന്നു പറയുന്ന കത്തിൽ എവിടെയും പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ല.
മറിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിലധികം കോച്ചുകൾ ഉണ്ടാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രിമാർ പറഞ്ഞിട്ടുള്ളൂ. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പാലക്കാട് കോട്ട മൈതാനത്ത് തറക്കല്ലിടുകയും കേരളത്തിൽനിന്ന് എട്ടു കേന്ദ്രമന്ത്രിമാർ ഭരിക്കുന്പോഴും എന്തുകൊണ്ട് ഈപദ്ധതി മുന്നോട്ടുകൊണ്ടു പോകാൻ സാധിച്ചില്ലെന്ന് സിപിഎമ്മും കോണ്ഗ്രസ് നേതൃത്വവും വ്യക്തമാക്കണം.
പാലക്കാടിനായി മോദി സർക്കാർ ഐഐടിയും ഫുഡ് പാർക്കും ഡിഫൻസ് പാർക്ക്, നഗരസഭയിൽ അമൃതപദ്ധതി എന്നിവയെല്ലാം കൊണ്ടുവന്നതുപോലെ റെയിൽവേ ഏറ്റെടുത്ത സ്ഥലത്ത് ഉചിതമായ പദ്ധതി കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ കൃഷ്ണദാസ് പറഞ്ഞു.