പാലക്കാട്: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയം നടപ്പിലാക്കാൻ തറക്കല്ലിടുകയും ചെയ്ത കോണ്‍ഗ്രസിനെ പഴിപറയാൻ എം.ബി.രാജേഷ് എംപിക്ക് ഒരവകാശവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ.പദ്ധതി പ്രഖ്യാപിച്ചപ്പോഴും തറക്കല്ലിട്ടപ്പോഴും അതിന്റെ പിതൃത്വം ഏറ്റെടുത്ത് ഫ്ളക്സ് ബോർഡുകൾ നിരത്തി വോട്ടുപിടിച്ച് ജയിച്ചവരാണ് പാലക്കാട്ടെ സിപിഎം എംപി മാർ.
കോച്ച് ഫാക്ടറി നടപ്പിലാക്കാത്തതിന് യുഡിഎഫ് സ്ഥാനാർത്ഥികളേയും യുപിഎ സർക്കാരിനേയും ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോല്പിക്കുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പ്രസിഡന്റ് അമിത്ഷാ പുതുശേരിയിൽ വന്ന് കോച്ച്ഫാക്ടറിയും 10,000 പേർക്ക് തൊഴിലും ടൗണ്‍ഷിപ്പും വാഗ്ദാനം ചെയ്ത് സംസാരിച്ചിരുന്നു.
2014-ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ പലതവണ വാക്കുമാറ്റി. എംപിയും അതിനനുസരിച്ച് അയയ്ക്കുന്ന കത്തുകളിൽ കിട്ടുന്ന മറുപടിയിൽ തൃപ്തിയടഞ്ഞു. പണമില്ലെന്ന് കാരണം പറഞ്ഞ് കേന്ദ്രം പദ്ധതി ഉപേക്ഷിക്കാൻ ആലോചിച്ചു.
ബജറ്റിൽ തുച്ഛമായ തുക വച്ച് കേരളത്തെ കബളിപ്പിച്ചു. ഇതിനിടക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ (സെയിൽ)യുമായി സഹകരിച്ച് പദ്ധതി കൊണ്ടുവരുമെന്ന് എം.ബി.രാജേഷ് വാഗ്ദാനം ചെയ്തു.
എന്നാൽ സ്വകാര്യ പിപി മാതൃകയിൽ സെയിലിന് പദ്ധതിയിൽ പങ്കു വഹിക്കുവാൻ നിയമപരമായി കഴിയില്ലെന്ന് യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി മുൻ എംപി കൃഷ്ണദാസ് തന്നെ രാജേഷിനെ പരസ്യമായി തിരുത്തി.
തുടർനാളുകളിൽ അവർ തമ്മിലായിരുന്നു തർക്കം.പൊതുമേഖലയിൽനിന്നും പദ്ധതി മാറ്റുന്നുവെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിവേദനം നല്‍കിയെന്നും കോച്ച് ഫാക്ടറി ഉറപ്പായും വരുമെന്നും രാജേഷ് വീണ്ടും അവകാശവാദം പറഞ്ഞു. ഇതെല്ലാം കളവായിരുന്നെന്നു തെളിയുന്നതായും ആരോപിച്ചു.