കടുത്തുരുത്തി: ഫുട്ബോളിലും ഹോക്കിയിലും താരങ്ങളായ സഹോദരിമാർ പരിശീലകരായി മാറുന്നു. മേവെള്ളൂർ കൊട്ടാരത്തിൽ വാര്യത്ത് മുരളീധര വാര്യരുടെയും ബാലാമണിയുടെയും മക്കളായ കെ.എം. ശ്രീവിദ്യ ഫുട്ബോളിലും, കെ.എം. ശ്രീദേവി ഹോക്കിയിലുമാണ് പരീശീലകരായി മാറുന്നത്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് കുലശേഖരമംഗലം എച്ച്എസ്എസിലെയും വൈക്കം ആശ്രമം ഹൈസ്കൂളിലെയും കുട്ടികൾക്കാണ് ഇവർ പരിശീലനം നൽകുന്നത്.
പലയിടത്തായി നിരവധി കുട്ടികളെ ഇരുവരും സൗജന്യമായി പരിശീലിപ്പിക്കുന്നുണ്ട്. ഇവരിൽ മൂത്തസഹോദരിയായ ശ്രീദേവി ഹോക്കിയിലും ഫുട്ബോളിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹോക്കിയിൽ സംസ്ഥാന ചാന്പ്യൻഷിപ്പിലും ഫുട്ബോളിൽ അണ്ടർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിലും ശ്രീദേവി കളിച്ചിട്ടുണ്ട്.
അനുജത്തി ശ്രീവിദ്യ ഫുട്ബോളിൽ മൂന്നു തവണ ഒറീസ, ഗോവ, തമിഴ്നാട്ടിലെ സേലം എന്നീ സ്ഥലങ്ങളിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു. ശ്രീവിദ്യ ഇപ്പോൾ കോട്ടയം ബസേലിയേസ് കോളജിൽ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്. ശ്രീദേവിയും ഇതേ കോളജിൽ നിന്നാണ് ഡിഗ്രി പഠനം പൂർത്തിയാക്കിയത്.
സ്പോർട്സിൽ കഴിവു തെളിയിച്ചിട്ടുള്ള നാമക്കുഴി സിസ്റ്റേഴ്സിന്റെ സഹോദരനായ ജോമോൻ ജേക്കബാണ് ഇവരുടെ കോച്ച്. കഴിവുള്ള കുട്ടികളെ കണ്ടെത്തി സ്പോർട്സ് മേഖലയ്ക്ക് മുതൽകൂട്ടാക്കണമെന്നാണ് ഈ സഹോദരിമാരുടെ ആഗ്രഹം.
അതോടൊപ്പം അന്പലത്തിലെ കഴകക്കാരനായി പണിയെടുക്കുന്ന അച്ഛനെയും കുടുബത്തേയും സംരക്ഷിക്കുന്നതിന് സർക്കാർ സർവീസിൽ ജോലി നേടാനുള്ള ശ്രമത്തിലാണ് ശ്രീദേവിയും ശ്രീവിദ്യയും. പെരുവയിലും പിറവത്തും നാമക്കുഴിയിലും ആണ് ഇപ്പോൾ വാര്യത്തെ കുട്ടികൾ പരിശീലിക്കുന്നതും പരിശീലിപ്പിക്കുന്നതും.