കോലഞ്ചേരി: ഫുട്ബോൾ പരിശീലനത്തിന്റെ മറവിൽ സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച ശേഷം ഒളിവിൽപോയ ‘വ്യാജ കോച്ച്’ പിടിയിൽ. എറണാകുളം കോന്തുരുത്തി ഈവിയത്തറ ഇ.ജി. ഷാജി(47)യെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്തത്.
കേരള ഫുട്ബോൾ അസോസിയേഷന്റെ കോച്ചാണെന്നും കേരള പ്രീമിയർ അക്കാഡമിയിലേക്ക് സെലക്ഷൻ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വയനാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 22 കുട്ടികളെ ഫുട്ബോൾ സെലക്ഷൻ ട്രയൽ നടത്തി പ്രതി പുത്തൻകുരിശിലെത്തിച്ചത്. പുത്തൻകുരിശ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിൽ ഏഴ്, എട്ട് ക്ലാസുകളിൽ ചേർത്ത് പഠിപ്പിക്കുന്നതിനിടെയാണ് പ്രതി ഇവരെ പീഡനത്തിനിരയാക്കിയത്.
സ്കൂളിൽ നടന്ന കൗണ്സിലിംഗിനിടെ പീഡന വിവരമറിഞ്ഞ അധ്യാപകർ കഴിഞ്ഞ ഡിസംബർ 17നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നല്കിയത്. പരാതി പുത്തൻകുരിശ് പോലീസിനു കൈമാറിയതോടെ ഒളിവിൽപോയ പ്രതിയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ കോച്ചിംഗ് സമയത്ത് ടീമിനു പുറംസഹായിയായി നിന്ന പരിചയം ഉപയോഗിച്ചാണ് ഇയാൾ വ്യാജ കോച്ചായി മാറിയത്. സെലക്ഷൻ ലഭിച്ച കുട്ടികളുടെ മാതാപിതാക്കളിൽനിന്നു പ്രതി കോച്ചിംഗിനായി മാസംതോറും പണവും കൈപ്പറ്റിയിരുന്നു.
ഒളിവിൽപോയ ഇയാൾ കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നു നാട്ടിലേക്ക് വരുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണം മൂവാറ്റുപുഴ ഡിവൈഎസ്പി കെ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷൽ സ്ക്വാഡും പുത്തൻ കുരിശ് സിഐ സാജൻ സേവ്യർ, എഎസ്ഐ പീറ്റർ പോൾ, സീനിയർ സിപിഒമാരായ സന്തോഷ് കുമാർ, ബിജു, സിപിഒ യോഹന്നാൻ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.