രാവിലെ എഴുന്നേറ്റു വരുന്പോൾ ഒരു ഗ്ലാസ് കാപ്പി കണ്മുന്നിൽ വേണമെന്ന് നിർബന്ധമുള്ളവരാണ് മിക്കവരും. എന്നാൽ ആ കാപ്പിക്കുള്ളിൽ കരിക്കട്ടയുണ്ടങ്കിലോ? ഞെട്ടേണ്ട, സംഭവം ശരിയാണ്. കത്തിയെരിയുന്ന കൽക്കരിയിട്ടും കാപ്പിയുണ്ടാക്കാം എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്തോനേഷ്യക്കാർ. ന്ധകോപി ജോസ്ന്ധ എന്നാണ് ഈ കാപ്പിയുടെ പേര്. 1960 കളിൽ യോഗികാർട്ടയിലെ ഒരു ചായക്കടക്കാരനാണ് വ്യത്യസ്തമായ ഈ കാപ്പിയുമായി രംഗത്തെത്തിയത്.
ഒരിക്കൽ വയറിനു സുഖമില്ലാതിരുന്ന അവസ്ഥയിൽ പരീക്ഷണാടിസ്ഥാനത്തിൽ അദ്ദേഹം ഒരു കപ്പ് കാപ്പിയുണ്ടാക്കിയ ശേഷം അതിൽ എരിയുന്ന കൽക്കരിക്കട്ട എടുത്തിടുകയായിരുന്നു. എന്നിട്ട് അദ്ദേഹം കാപ്പി കുടിച്ചപ്പോൾ അദേഹത്തിന്റെ അസുഖം മാറി. കരിക്കട്ട മനുഷ്യശരീരത്തിൽ പ്രശ്നം ഒന്നുമുണ്ടാക്കില്ല എന്ന അറിവായിരുന്നു അദേഹത്തെ ഈ പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം കാപ്പിയിൽ ചാർക്കോൾ ഇട്ടു വിൽക്കാനാരംഭിക്കുകയായിരുന്നു.
തുടക്കത്തിൽ ഈ കാപ്പി കുടിക്കാൻ ധൈര്യം കാണിച്ചത് ഇവിടെയുള്ള വിദ്യാർഥികളും സാധാരണക്കാരുമായിരുന്നു. ഇന്ന് ആ കട നടത്തുന്നത് അലക്സ് എന്നു പേരുള്ള ഒരാളാണ്. ഇന്ന് കോപി ജോസ് കുടിക്കാൻ വിനോദസഞ്ചാരികളടക്കം നിരവധിയാളുകളാണ് ഇവിടെ വന്നു പോകുന്നത്. മറ്റ് കാപ്പികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിർമിക്കുന്ന കാപ്പിയിൽ കഫീന്റെ അളവ് കുറവാണെന്നതും ഒരു പ്രത്യേകതയാണ്.