മലപ്പുറം: കമാൻഡോ ഓപ്പറേഷനും അഭ്യാസ പ്രകടനങ്ങളും മോട്ടോർ സൈക്കിൾ പ്രകടനവുമൊക്കെയായി സൈനിക ശക്തിയുടെ വൈവിധ്യ ഭാവങ്ങൾ മലപ്പുറത്തിനു ദൃശ്യവിരുന്നായി. എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ’സേനയെ അറിയാം’ ആർമി മേളയിൽ സൈനികർ നടത്തിയ വിവിധ അഭ്യാസ പ്രകടനങ്ങളാണ് നവ്യാനുഭവമായത്. കുതിരപ്പടയാണ് ആദ്യം രംഗത്തെത്തിയത്.
ചടുല വേഗവും കൃത്യതയും പ്രകടമാക്കി നാലംഗ സംഘം മൈതാനത്ത് ആവേശമുയർത്തിയത് കുതിരപ്പുറത്തേറിയുള്ള ആഭ്യാസത്തിലൂടെ ദേശീയ പതാക ഉയർത്തിയാണ്. യുദ്ധ മുഖത്ത് കുതിരപ്പടയുടെ സേവന പ്രാവീണ്യം വിളിച്ചോതിയ പ്രകടനം കയ്യടി നേടി. ഭീകരർ ബന്ദിയാക്കിയ ജനപ്രതിനിധിയെ കമാൻഡോ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തുന്നതായിരുന്നു അടുത്തയിനം.
കമാൻഡോകളുടെ കൃത്യതയാർന്ന മുന്നേറ്റവും സങ്കീർണ ഘട്ടങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും പ്രദർശനത്തിലൂടെ കാണികൾക്കു മുന്നിൽ അനാവരണം ചെയ്തു. യുദ്ധ മുഖത്തും കാടുകൾ, മലനിരകൾ, മരുഭൂമികൾ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന സൈനികർ പാന്പുകളെ കൈകാര്യം ചെയ്യുന്ന രീതി എംഎസ്പി മൈതാനത്തു പുനരാവിഷ്കരിച്ചു.
പുരാതന ആയോധന മുറയായ കളരിപ്പയറ്റിലും സൈനികർ തങ്ങളുടെ പ്രാവീണ്യം ജനസമക്ഷം അവതരിപ്പിച്ചു. തുടർന്നാണ് ആവേശത്തിന്റെ അലകൾ കാണികളിലേക്കു പകർന്ന് മിലിട്ടറി മോട്ടോർ സൈക്കിൾ സംഘമെത്തിയത്. ടൊർനാഡോസ് ആർമി സർവീസ് കോർപ്സിലെ ക്യാപ്റ്റൻ ശിവം സിംഗിന്റെ നേതൃത്വത്തിൽ മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം നടത്തിയ പ്രകടനങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് ഓരോ കാണികളും എതിരേറ്റത്. ഇരുന്നും കിടന്നും സംഘമായും അതിവേഗത്തിലോടുന്ന മോട്ടോർ സൈക്കിളുകളിൽ സൈനികർ നടത്തിയ അഭ്യാസ പ്രകടനങ്ങൾ നിറഞ്ഞ ഏവരെയും ആശ്വാസം കൊള്ളിച്ചു.
ഗിന്നസ് റിക്കാഡുൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയ സംഘമാണ് മലപ്പുറത്തും അഭ്യാസ മുറകളുമായെത്തിത്. മോട്ടോർ സൈക്കിൾ സംഘം പിരമിഡ് മാതൃക തീർത്തു പിൻവാങ്ങിയതോടെ ആകാശത്ത് ദൃശ്യ വിരുന്നൊരുക്കി പാരാമോട്ടോർ സംഘമെത്തി. മോട്ടോർ ഘടിപ്പിച്ച രണ്ടു പാരച്യൂട്ടുകളിലായിരുന്നു അഭ്യാസ പ്രകടനം. സൈനികരുടെ വൈവിധ്യമാർന്ന അഭ്യാസ പ്രകടനങ്ങൾ ഇന്നും തുടരും.