പി. ജയകൃഷ്ണൻ
കണ്ണൂർ: തീരദേശ സേനയിലെ എഡിജിപി തസ്തിക നിർത്തലാക്കി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്കു മാറ്റിയതോടെ നാടിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പ്രധാന സേനവിഭാഗത്തിന്റെ തലപ്പത്ത് നാഥനില്ലാതായി. എഡിജിപിക്കു താഴെ ഉണ്ടായിരുന്ന അസിസ്റ്റന്റ് ഐജി ഹരിശങ്കറേയും അന്നു തന്നെ പോലീസ് ആസ്ഥാനത്തേക്കു മാറ്റിയിരുന്നു.
മുബൈ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാതലത്തിലാണ് തീര സുരക്ഷ ഉറപ്പാക്കാൻ രാജ്യ വ്യാപകമായി തീരദേശ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സഹായത്തോടെ കേരളത്തിലും ഇതിനകം എട്ടു തീരദേശ പോലീസ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴിലായിരുന്നു കേരളത്തിൽ തീരദേശ സേനയുടെ പ്രവർത്തനം.
ഇതോടെ എഡിജിപി മുതൽ ഡിവൈഎസ്പി വരേയുള്ള തസ്തികയിൽ ഇപ്പോൾ തീരദേശ സേനയിൽ ആരുമില്ല. എസ്എച്ച്ഒമാരായ സിഐമാരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ കേരളത്തിലെ തീരദേശം. കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ കേന്ദ്ര സഹായത്തോടെ കൊല്ലംനീണ്ടകരയിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരമാണ് ഉദ്ഘാടനം ചെയ്തിരുന്നത്.
തുടർന്ന് കേരളത്തിൽ വിഴിഞ്ഞം, ഫോർട്ട് കൊച്ചി, തൊടാപ്പളളി, ബേപ്പൂർ, അഴീക്കൽ, ബേക്കൽ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും തീരദേശ പോലീസ് സ്റ്റേഷൻ യാഥാർഥ്യമായി. 43.56 കോടി രൂപ ചെലവഴിച്ചാണ് കേരളത്തിൽ എട്ടു തീരദേശ പോലീസ് സ്റ്റേഷനുകൾ ഒരുക്കിയത്. മറ്റ് തീരദേശങ്ങളിലും സ്റ്റേഷന്റെ പ്രവൃത്തി നടന്നു വരുന്നു.
നീണ്ടകരയിലെ പോലീസ് സ്റ്റേഷനിലിൽ നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പരിശീലനം നല്കിയ പോലീസുകാരേയാണ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ആദ്യം നിയോഗിച്ചിരുന്നത്. ഇതിനുപുറമെ തീര സുരക്ഷയ്ക്കായി പത്ത് മത്സ്യതൊഴിലാളികൾ, ഫിഷറീസ് അധികൃതർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ജാഗ്രതാ സമിതിയും രൂപീകരിച്ചിരുന്നു.
തീരദേശം വഴിയുളള നുഴഞ്ഞു കയറ്റം, ആയുധക്കടത്ത് എന്നിവ ഉൾപ്പെടെയുളള നിയമലംഘനങ്ങൾ തടയുകയാണ് സേനയുടെ ലക്ഷ്യം. കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ വരേയും കരയുടെ കുറച്ചു ഭാഗവുമാണ് സ്റ്റേഷന്റെ അധികാര പരിധി.
ഒരു സിഐ, മൂന്ന് എസ്ഐ, ആറ് എഎസ്ഐ, ഒൻപതു ഹെഡ് കോണ്സ്റ്റബിൾ, 30 പോലീസുകാർ, രണ്ടു ജീപ്പ് ഡ്രൈവർമാർ, ഒരു സ്വീപ്പർ, ആറുവീതം ബോട്ട് ഡ്രൈവർ, ലാസ്കർ, സ്രാങ്ക്, ജീപ്പ്, ബൈക്ക്, കംപ്യൂട്ടർ എന്നിവ സ്റ്റേഷനിൽ ലഭ്യമാക്കണമെന്നാണ് ചട്ടം. ആധുനിക ബോട്ടും അനുവദിച്ചിരുന്നു. ഇപ്പോൾ സേനയ്ക്ക് നാഥനില്ലാത്ത അവസ്ഥയായതോടെ പ്രവർത്തന ഏകോപനം കുത്തഴിഞ്ഞന ിലയിലാണ്.