മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: കാട്ടാനകളുടെ ശല്യം സഹിക്കാൻ വയ്യാതെ ഇഞ്ചികൃഷി വീടിനു മുകളിലേയ്ക്കു മാറ്റി.
കയറംകോട് ഞാറക്കോട്ടെ വീട്ടുകാരാണ് വന്യമൃഗങ്ങളുടെ ശല്യം മൂലം ഇഞ്ചിയടക്കമുള്ള കൃഷികൾ ടെറസിനു മുകളിലേയ്ക്കു മാറ്റിയത്.
ഒരിക്കൽ ഫലഭൂയിഷ്ടമായിരുന്ന ഈ കുടിയേറ്റ മേഖലയിൽ കാട്ടുമൃഗങ്ങളായ ആന, കുരങ്ങ്, മയിൽ, പന്നി, കുറുക്കൻ തുടങ്ങിയ മൃഗങ്ങൾ നാട്ടിലേയ്ക്കിറങ്ങി കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പൊറുതിമുട്ടിയ കർഷകർ കണ്ടെത്തിയ വഴിയാണ് പുരപ്പുറ കൃഷി.
നേന്ത്രവാഴകൾ കൃഷി ചെയ്തിരുന്ന സ്ഥലത്ത് കാട്ടാനകൾ എത്തിയതോടെ ഗത്യന്തരമില്ലാതെ കൃഷി നിർത്തി.
മാവ്, പ്ലാവ് തുടങ്ങിയ മരങ്ങൾ മുറിച്ചു നീക്കുകയും ചക്കയും മാങ്ങയുമെല്ലാം കാട്ടാനകളെ പേടിച്ച് കർഷകർ തന്നെ വെട്ടികളഞ്ഞു.
വീട്ടുമുറ്റത്തെ പച്ചക്കറി കൃഷികൾ കുരങ്ങുകൾ കൂട്ടമായി നശിപ്പിക്കാൻ തുടങ്ങിയതോടെ അതും നിർത്തേണ്ടി വന്നു.
പുലർച്ചെ എത്തുന്ന കാട്ടാനകൾ കാടിനുള്ളിൽ ഒളിഞ്ഞു നിന്ന് ടാപ്പിംഗിനു പോകുന്നവരെ ആക്രമിക്കുന്നതും പതിവായതോടെയാണ് കർഷകർ കൃഷി രീതികൾ മാറ്റാൻ നിർബന്ധിതരായത്.
മണ്ണിൽ കൃഷിയിറക്കുന്നതുപോലെത്തന്നെ വിളവ് പ്ലാസ്റ്റിക് കവറിലുമുണ്ടാകുന്നുണ്ടെന്ന് കർഷകർ പറയുന്നു. പ്രദേശത്തെ പല വീടുകളിലും ഇത്തരം കൃഷികൾ കാണാം.