തളിപ്പറമ്പ്: പ്രവാസി വ്യവസായിയായ ബക്കളം നെല്ലിയോട്ടെ പാര്‍ഥാസ് കണ്വന്ഷന് സെന്റർ ഉടമ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ ബീന ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ഭർത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ആണ് പരാതി നല്‍കിയിരിക്കുന്നത്.
പതിനഞ്ച് കോടി രൂപ ചെലവഴിച്ച് നിർമിച്ച ഓഡിറ്റോറിയത്തിന് ആന്തൂർ നഗരസഭ അധികൃതർ ലൈസൻസ് നൽകാത്തതിൽ മനംനൊന്താണ് സാജൻ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.നഗരസഭയിൽനിന്ന് കെട്ടിടനമ്പർ ലഭിക്കാത്തതിനാൽ ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല.
എന്നാൽ ഇവിടെ മൂന്നു വിവാഹങ്ങൾ നടന്നിരുന്നു. വിവാഹം കഴിഞ്ഞവർക്ക് ഇതുകാരണം നഗരസഭയിൽനിന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസം നേരിടുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം സാജൻ മാനസികമായി തകർന്ന നിലയിലായിരുന്നുവെന്ന് മാനേജർ സജീവൻ പറഞ്ഞു.
ഇതിനിടയിൽ ആന്തൂർ നഗരസഭയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നു വരികയാണ്.നാളെ രാവിലെ ആന്തൂര്‍ നഗരസഭാ കാര്യാലയത്തിലേക്ക് യുഡിഎഫ് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി മാർച്ച് ഉദ്ഘാടനം ചെയ്യും.കൂടാതെ ബിജെപിയും പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതിപക്ഷമില്ലാത്തെ ആന്തൂര്‍ നഗരസഭയില്‍ ഏകപക്ഷീയമായിട്ടാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ നഗരസഭാ ചെയര്പേഴ്സന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉള്‍പ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി പാര്‍ട്ടി അനുഭാവികള്‍ തന്നെ സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ എം.വി.ഗോവിന്ദന്റെ ഭാര്യയും നഗരസഭാ ചെയര്‍പേഴ്സനുമായ പി.കെ.ശ്യാമളക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. നിലവില്‍ പ്രതിപക്ഷമില്ലാത്ത നഗരസഭയില്‍ ശ്യാമളയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ തുടക്കംമുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു ബസ് വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട് വൈസ് ചെയര്മാന് കെ.ഷാജുവും പി.കെ.ശ്യാമളയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തുവന്നത് നിഷേധിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ഇരുവരും ഒന്നിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷവും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതായാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇതിനിടെ പി.കെ.ശ്യാമളയെ ചെയര്പേഴ്സന് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ആന്തൂര്‍ പ്രദേശത്ത് സാജന്റെ ആത്മഹത്യ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. പരസ്യമായി ആരും രംഗത്തുവരുന്നില്ലെങ്കിലും രഹസ്യനീക്കങ്ങള്‍ സജീവമാണ്.