തൃപ്പൂണിത്തുറ: അവിനാശിയിൽ ഉണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ കണ്ണൻ കുളങ്ങര ശാന്തിനഗർ തോപ്പിൽ വീട്ടിൽ ടി.ജി. ഗോപിക (25)യെ മരണം തട്ടിയെടുത്തത് അവധി അഘോഷിക്കാൻ വീട്ടിലേക്ക് മടങ്ങുന്നതിനിടെ.
ബംഗളൂരുവിലെ ആൽഗോ എംബഡൻസ് സിസ്റ്റം എന്ന ഐടി കന്പനിയിൽ രണ്ടര വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഗോപിക ശിവരാത്രി അവധി പ്രമാണിച്ച് ബുധനാഴ്ച രാത്രി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.
റിസർവേഷൻ ചാർട്ടിൽ രണ്ടാം നന്പറായിരുന്നു ഗോപിക. വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തുമെന്നും കെഎസ്ആർടിസി ബസിലാണ് വരുന്നതെന്നും വിളിച്ചറിയിച്ചതനുസരിച്ച് കാത്തിരുന്ന വീട്ടുകാരെ തേടിയെത്തിയത് ദുരന്ത വാർത്തയാണ്.
പ്ലസ്ടു വരെ തൃപ്പൂണിത്തുറ എൻഎസ്എസ് സ്കൂളിലും ഗവ.മോഡൽ എൻജിനീയറിംഗ് കോളജിലുമാണ് പഠനം പൂർത്തിയാക്കിയത്. എൻജിനീയറിംഗിൽ ഒന്നാം റാങ്കുകാരിയിരുന്നു. കാന്പസ് സെലക്ഷൻ വഴിയാണ് ബംഗളൂരുവിലെ ഐടി കന്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.
ഗോകുലൻ-വരഹദ ദന്പതികളുടെ ഏകമകളായിരുന്നു ഗോപിക. ഗോകുലൻ (ഇഎസ്ഐ റിട്ട. സൂപ്രണ്ട്), വരദ ദേവി (ഹൈക്കോടതി ഗസറ്റഡ് ഓഫീസർ), അപകടവിവരമറിഞ്ഞയുടൻ മാതാപിതാക്കളും ബന്ധുക്കളും കോയന്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു.