നിലന്പൂർ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും ജില്ലയിലേക്കുള്ള വരവിന് നിയന്ത്രണമുണ്ടായിരിക്കെ ബന്ധപ്പെട്ടവർ അറിയാതെ എത്തുന്നവർ ഇപ്പോഴും നിരവധി പേർ.
തമിഴ്നാട് നിന്ന് ലോറിയിൽ കയറി വഴിക്കടവ് വഴി ജില്ലയിലേക്ക് വരുന്നവരുണ്ട്. ലോറി ജീവനക്കാരൻ എന്ന പേരിലാണിവർ ചുരത്തിലെ പോലീസ് ചെക്ക് പോസ്റ്റ് കടന്നെത്തുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സംസ്ഥാനത്തേക്ക് എത്തുന്ന ചരക്കു ലോറികളുടെ ഡ്രൈവർമാർ പണം വാങ്ങിയാണ് ഇത്തരക്കാരെ ഇവിടെ എത്തിക്കുന്നതെന്നാണ് സൂചന.
തമിഴ്നാട് സ്വദേശികളായ തൊഴിലാളികൾ ചിലർ വനത്തിലൂടെ നടന്നും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്നുള്ള വിമാനത്തിലെത്തി എയർപോർട്ടിലെ പരിശോധന കഴിഞ്ഞ് മറ്റ് അധികൃതരുടെ നിയന്ത്രണങ്ങളൊന്നുമില്ലാതെ നിലന്പൂർ മേഖലയിലെത്തിയവരുണ്ട്.
ചുങ്കത്തറയിൽ നിന്നുള്ള എട്ടുപേരും എടക്കരയിൽ ഒരാളും ഇത്തരത്തിൽ നാട്ടിലെത്തിയതായയി ആരോഗ്യ വകുപ്പിന് പിന്നീട് വിവരം ലഭിച്ചു. തുടർന്ന് േആരാഗ്യ വകുപ്പ് ഇവരുമായി ബന്ധപ്പെട്ടാണ് തുടർ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇവർ എവിടേയും ക്വാറന്റീനിൽ ഇരിക്കാതെയാണ് വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസമിറങ്ങിയ സർക്കാരിന്റെ ഒരു ഉത്തരവും ആരോഗ്യ വകുപ്പിന് തലവേദനയാകുന്നുണ്ട്. വദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ ഇരുന്ന് ഏഴാം ദിവസം ശ്രവപരിശോധന നടത്തി നെഗറ്റീവാണെന്ന് കണ്ടാൽ വീട്ടിൽ പോകാമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ ഇപ്പോൾ ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന് ശ്രവ പരിശോധന ഇല്ലാതെ തന്നെ വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ട്.
അതേ സമയം ആരോഗ്യ വകുപ്പ് ഈ ഉത്തരവ് മറച്ചു പിടിച്ച് ശ്രവ പരിശോധന നടത്തി നെഗറ്റീവാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വീട്ടിലയക്കുന്നുള്ളു. നിലന്പൂർ നഗരസഭാ പരിധിയിലും ചിലർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവില്ലാതെ എത്തിയതായി ആരോഗ്യ വകുപ്പിന് വിവരമുണ്ട്.