ബെർലിൻ: കൊറോണയ്ക്കെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ച സംയുക്ത സംരംഭമായ ജർമൻ അമേരിക്കൻ കന്പനി ഫൈസർ ബയോണ്‍ടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ 12 മുതൽ 15 വയസുവരെ പ്രായമുള്ളവരിൽ 100 ശതമാനം ഫലപ്രദമെന്ന് കന്പനി അവകാശപ്പെട്ടു.
അമേരിക്കയിലെ 2,260 കൗമാരക്കാരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 100 ശതമാനവും ഫലപ്രദമാണെന്ന് വ്യക്തമായതായി കന്പനിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പരീക്ഷണ വിവരങ്ങൾ ഉടൻ അമേരിക്കൻ അധികൃതർക്കും മറ്റു രാജ്യങ്ങൾക്കും കൈമാറുമെന്നും വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി നൽകിയ അനുമതിയിൽ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്നും കന്പനി വ്യക്തമാക്കി.
അടുത്ത അധ്യയന വർഷത്തിനു മുന്‍പ് 12 മുതൽ 15വരെ പ്രായമുള്ള സ്കൂൾ വിദ്യാർഥികൾക്ക് വാക്സിൻ കുത്തിവയ്പ്പെടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ് കന്പനി ശ്രമിക്കുന്നത്.
പരീക്ഷണഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും യുകെ വകഭേദത്തിന്റെ വ്യാപനത്തെയും തടയാൻ കഴിയുമെന്നാണ് വ്യക്തമാകുന്നതെന്നും ജർമനിയിലെ മൈൻസ് ആസ്ഥാനമായ ബയോണ്‍ടെക് അധികൃതർ പറഞ്ഞു.
ഫൈസർ ബയോണ്‍ടെക്ക് വാക്സിൻ 16 വയസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യൻ യൂണിയനും നേരത്തെ നൽകിയിരുന്നു.
ഇതിനോടകം 65 ലധികം രാജ്യങ്ങളിലെ മുതിർന്നവർക്ക് ഫൈസർ ബയോണ്‍ടെക് വാക്സിൻ നൽകി. വാക്സിന്റെ 250 കോടി ഡോസുകൾ ഈ വർഷം ഉൽപാദിപ്പിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്.
കോഡ്പ്രതിരോധ വാക്സിനായ അസ്ട്രാ സെനേക്ക വാക്സിന്റെ കാര്യത്തിൽ ലോകം ഇപ്പോൾ പല തട്ടിലാണന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകാരോഗ്യസംഘടനയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ഇഎംഎയും നിലവിൽ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിച്ച് പ്രായപരിധി നിർണയിക്കുന്ന അപകടസാധ്യതകളൊന്നും കാണുന്നില്ലന്നും ഇതിന്റെ ഉപയോഗവും ശുപാർശ ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് വാക്സിനേഷൻ കൗണ്‍സിൽ (ഡബ്ള്യുഎച്ച്ഒ) അസ്ട്രാസെനെക്കയുടെ കൊറോണ വാക്സിനിൽ ഉറച്ചുനിൽക്കുന്നു.
60 വയസിന് താഴെയുള്ളവരിൽ ഉപയോഗിക്കുന്നതിനെതിരായ ജർമ്മൻ തീരുമാനത്തിനുശേഷവും, തന്റെ ശുപാർശകൾ ക്രമീകരിക്കാൻ ഒരു കാരണവും അദ്ദേഹം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം ഡയറക്ടർ കേറ്റ് ഓബ്രിയൻ ബുധനാഴ്ച ജനീവയിൽ പറഞ്ഞു.
അതേസമയം ജർമൻ ഫെഡറൽ, സംസ്ഥാന സർക്കാരുകൾ ത്രോംബോസിസ് കേസുകളെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾക്ക് ശേഷം 60 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ആസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നത് ബുധനാഴ്ച മുതൽ പരിമിതപ്പെടുത്തി.
60 വയസിനു മുകളിലുള്ളവരിൽ മാത്രമേ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കാവൂ എന്നത് രാജ്യത്ത് വീണ്ടും അനിശ്ചിതത്വത്തിന് കാരണമാവുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ