അന്പലപ്പുഴ: കതിർമണ്ഡപവും ആൾക്കൂട്ടവും ഇല്ലാതെ ആശുപത്രിയിൽ ഒരുക്കിയ വേദിയിൽ കോവിഡ് രോഗി വധുവിന് മംഗല്യസൂത്രമണിയിക്കും.
നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം മുഹൂർത്തം തെറ്റാതെ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇന്ന് പകൽ 12 നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മിന്നുചാർത്തുന്നത്.
വരന്റെ കോവിഡ് രോഗിയായ അമ്മയും ചടങ്ങിനു സാക്ഷിയാകും. വിദേശത്ത് ജോലിയുള്ള കൈനകരി സ്വദേശിയായ യുവാവും തെക്കനാര്യാട് സ്വദേശിനിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
വിവാഹത്തിന് അവധിയിൽ നാട്ടിലെത്തിയ പ്രതിശ്രുത വരന് കഴിഞ്ഞദിവസമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് വണ്ടാനത്ത് ചികിത്സയിൽ പ്രവേശിച്ചു.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹം മാറ്റിവയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെയാണ് വിവാഹവേദി ആശുപത്രിയാക്കാൻ തീരുമാനിച്ചത്.
ഇതിന് കളക്ടറുടെ അനുമതിപത്രം വാങ്ങി ആശുപത്രി സൂപ്രണ്ടിന് വരന്റെ ബന്ധുക്കൾ കൈമാറി.
വധു ഒരു ബന്ധുവിനൊപ്പം മുഹൂർത്ത സമയം ആശുപത്രിയിൽ എത്തും. വരനെയും അമ്മയേയും പിപിഇ കിറ്റ് ധരിച്ച് ഈ സമയം ട്രയാജ് മുറിയിൽ എത്തിക്കും.
മുഹൂർത്തത്തിൽ വരൻ താലിചാർത്തുന്നതോടെ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും മടങ്ങുകയും വേണം. പങ്കെടുക്കുന്ന മുഴുവൻ പേരും പിപിഇ കിറ്റ് ധരിച്ചുവേണം എത്താൻ.