കൽപ്പറ്റ: കോവിഡ് പശ്ചാത്തലത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങാനാകാതെ വലയുന്നു. ഗർഭിണികളും വൃക്കരോഗികളും ജോലി നഷ്ടമായവരും വീസ-മെഡിക്കൽ ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞവരും ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്.
കെയർ ഗിവർമാരായി കേരളത്തിൽനിന്നു ഇസ്രയേലിൽ എത്തിയ വനിതകളാണ് ഇതിൽ അധികവുമെന്നു കേരള പ്രവാസി സംഘം വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി. അലി, രക്ഷാധികാരി മുഹമ്മദ് സുനിത്ത്, ജോയിന്റ് സെക്രട്ടറി സരുണ്‍ മാണി എന്നിവർ പറഞ്ഞു.
ഇസ്രയേലിൽ കുടുങ്ങിയവരെ വന്ദേഭാരത് ദൗത്യത്തിൽ ഉൾപ്പെടുത്തി ഉടൻ നാട്ടിലെത്തിക്കുന്നതിനു കേന്ദ്ര സർക്കാർ ഇടപെടണമെന്നു അവർ ആവശ്യപ്പെട്ടു. വിഷയം സംഘം സംസ്ഥാന ഭാരവാഹികളായ കെ.വി. അബ്ദുൽഖാദർ എംഎൽഎ, പി.ടി. കുഞ്ഞുമുഹമ്മദ്, എം.സി. അബു എന്നിവർ മുഖേന മുഖ്യമന്ത്രിയുടെയും നോർക്ക അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേലിൽ വീടുകളിലും വൃദ്ധസദനങ്ങളിലുമാണ് കെയർ ഗിവർമാർ ജോലി ചെയ്യുന്നത്. അസംഘടിതരായ ഇവരിൽ പലരും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മേയ് 24നു ഇസ്രയേലിൽനിന്നു ഇന്ത്യയിലേക്കു വിമാനം ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല.
പിന്നീട് വിമാനം ലഭ്യമാക്കുന്നതിനു ഇസ്രയേലിലെ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും അനൂകൂല നടപടി ഉണ്ടായില്ല. വിഷമത്തിലായ പ്രവാസികളിൽ ചിലർ കഴിഞ്ഞ ദിവസമാണ് കേരള പ്രവാസി സംഘം വയനാട് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടത്. വയനാട്ടുകാരടക്കം നൂറിലധികം ആളുകളാണ് നാട്ടിലേക്കു മടങ്ങുന്നതിനു വിമാനം കാത്തിരിക്കുന്നത്.