നാദാപുരം: ചെക്യാട് കൊയമ്പ്രം പാലത്ത് വിവാഹ വീട്ടിലെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 40 പേർ ക്വാറന്റൈയിനിൽ. ഒന്പതിനാണ് നിരവധി പേർ പങ്കെടുത്ത വിവാഹം കഴിഞ്ഞത്.
വിവാഹ വീട്ടിലെത്തിയ ഇയാൾ ബന്ധുവീടുകളിൽ സന്ദർശനവും നടത്തി. കഴിഞ്ഞ ദിവസം കോവിഡ് ബാധിതരുടെ പട്ടിക പരിശോധിച്ച ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ സംഭവം പെട്ടതോടെ വിശദമായ അന്വേഷണത്തിലാണ് ഇയാളുടെ സ്ഥലം കണ്ടെത്തിയത്. ചെക്യാട് സ്വദേശിയായ ഇയാൾ പ്രവാസിയാണ്. വർഷങ്ങളായി കോഴിക്കോടാണ് താമസിക്കുന്നത്.
യാതൊരു ലക്ഷണങ്ങളും ഇല്ലാതിരുന്ന ഇയാൾ വിദേശത്ത് പോകാൻ വേണ്ടി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെക്യാട് സമ്പർക്കത്തിലായവരുടെ വിവരം ആരോഗ്യവകുപ്പ് കോവിഡ് ടെസ്റ്റിനായി കൈമാറിയിട്ടുണ്ട്.
കണ്ടയ്ൻമെന്റ് സോണായ ചെക്യാടിന്റെ അതിർത്തികൾ പോലീസ് ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ചെറ്റക്കണ്ടിപ്പാലത്തിൽ കർശന പരിശോധന നടത്തിയാണ് കൊളവള്ളൂർ പോലീസ് യാത്രക്കാരെ കടത്തിവിടുന്നത്.