കോഴഞ്ചേരി: കോവിഡ് മൂലം ഒരു വർഷം ജോലി നഷ്ടപ്പെട്ടു വീട്ടിൽ നിന്ന യുവാവിന് തിരികെ കുവൈറ്റിന് മടങ്ങാനുളള അവസരം സ്വകാര്യ ലാബിലെ ആർടിപിസിആർ പരിശോധന ഫലത്തിലെ പിഴവ് മൂലം നഷ്ടമായി.
തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ ചിറപ്പുറത്ത് ജിജോ ജേക്കബ് ജോർജിനാണ് ലാബിലെ പിഴവിൽ യാത്ര മുടങ്ങിയതും വിമാന യാത്രാക്കൂലി പൂർണമായി നഷ്ടമായതും.
ശനിയാഴ്ച ഇത്തിഹാദ് എയർവേയ്സിൽ പോകാനായി ടിക്കറ്റ് എടുത്ത ശേഷം 16 ന് എറണാകുളം രവിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ലാബിന്റെ തിരുവല്ല ലാബോറട്ടറിയിൽ ആർടിപിസിആർ പരിശോധന നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.23 ന് ലഭിച്ച റിപ്പോർട്ടിൽ ജിജോ കോവിഡ് പോസിറ്റീവാണെന്ന ഫലം വന്നു.
എട്ടുമാസം ഗർഭിണിയായ ഭാര്യയും ജിജോയുടെ മാതാപിതാക്കളും ഭാര്യയുടെ മാതാപിതാക്കളും 98കാരിയായ ജിജോയുടെ മുത്തശിയും അടക്കമുളളവർ ഇതുമൂലം രോഗഭീതിയിലാകുകയും ഒപ്പം വിമാന ടിക്കറ്റ് പണം തിരികെ ലഭിക്കാതാകുകയും ചെയ്തു.
രോഗ ലക്ഷണം ഒന്നും ജിജോയ്ക്ക് കാണാത്തതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി ഡോക്ടറെ കണ്ടു.
മറ്റൊരു സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായി ഇന്നലെ പുലർച്ചെ 2.30 ന് ലഭിച്ചു.
ഒരു വർഷമായി ജോലി ഇല്ലാതെ നാട്ടിൽ നിന്ന ജിജോയ്ക്ക് ബാങ്കുവായ്പ അടക്കം നിരവധി ബാധ്യതകളുണ്ട്.
പരിശോധന പിഴവിൽ വിദേശത്തേക്കു പോകാൻ കഴിയാഞ്ഞതിനെ തുടർന്നു തെറ്റായ ഫലം നൽകിയ സ്വകാര്യ ലാബിനെതിരെ ഉപഭോക്തൃ കോടതിയെ തിങ്കളാഴ്ച സമീപി ക്കുമെന്ന് ജിജോ ജേക്കബ് പ റഞ്ഞു.