പയ്യന്നൂര്‍: “ജോലികഴിഞ്ഞ് വീട്ടിലെത്തിയാല്‍ സോപ്പിട്ട് എത്രനേരം കൈകഴുകിയാലും സാനിറ്റൈസര്‍ തേച്ചുപിടിപ്പിച്ചാലും ഡെറ്റോളില്‍ കുളിച്ചിട്ട് വന്നാലും പിഞ്ചുകുഞ്ഞുങ്ങളെ തൊടാനോ മക്കളുടെ അടുത്തിരിക്കാനോ ഭാര്യ അനുവദിക്കുന്നില്ല…’
പയ്യന്നൂരിലെ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ സങ്കടത്തോടെയുള്ള വാക്കുകളാണിത്. വീടുകളില്‍ ഇപ്പോള്‍ അയിത്തം കല്‍പ്പിച്ചിരിക്കുകയാണെന്ന് പോലീസുകാരില്‍ ചിലരും പറയുന്നു.
കോവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം വിശ്രമമില്ലാത്ത ജോലിയിലാണ് പോലീസും ആരോഗ്യവിഭാഗം ജീവനക്കാരും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടും പൊതുജനങ്ങളില്‍ പലരും മുഖവിലയ്ക്കെടുക്കാതെ ധിക്കരിക്കുന്നുമുണ്ട്. എങ്കിലും കടുത്ത വേനല്‍ച്ചൂടിനെ വകവയ്ക്കാതെ അങ്ങേയറ്റം ക്ഷമയോടെയാണ് ഇപ്പോഴും ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
എന്നാല്‍, സാമൂഹിക അകലം പാലിക്കണമെന്ന ജാഗ്രതാനിര്‍ദേശം ഏറ്റവും കൂടുതലായി സ്വാധീനിച്ചിട്ടുള്ളത് ഈ രണ്ടുവിഭാഗങ്ങളിലുള്ളവരുടെ വീട്ടുകാരെയും ബന്ധുക്കളെയുമാണെന്നതാണ് ഇക്കൂട്ടര്‍ക്ക് വിനയായി മാ
റിയിരിക്കുന്നത്. കഠിനാധ്വാനം കഴിഞ്ഞെത്തുമ്പോഴുള്ള വീട്ടുകാരുടെ ഈ മനോഭാവം ഇരുകൂട്ടരെയും മാനസികമായി വല്ലാതെ തളര്‍ത്തുകയാണെന്ന് പലരും തുറന്നുപറയുന്നു.
ആത്മസുഹൃത്തുക്കളായ പലരും കണ്ടാല്‍ വഴിമാറിപ്പോകുകയാണ്. ജോലിയിലെ പിരിമുറുക്കത്തിന് അയവുവന്നിരുന്നത് വീടുകളിലുള്ള സന്തോഷവും സല്ലാപവുമൊക്കെയായിരുന്നു. ഇവരില്‍ മിക്കവരുടെയും വീടുകളില്‍ സന്തോഷകരമായ അവസ്ഥ ഇപ്പോഴില്ല.
തങ്ങള്‍ അനുഭവിക്കുന്ന ഈ ദുരവസ്ഥ മനസിലാക്കിയെങ്കിലും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നാണ് പോലീസുകാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അപേക്ഷ.
വിളവെടുപ്പിന് കഴിയാതെ മലയോര കര്‍ഷകര്‍
കേളകം: “ആകെയുള്ള നാലേക്കര്‍ കൃഷിയിടം മലയിലാണ്. വന്യമൃഗശല്യം കൂടിയതോടെ ടൗണില്‍ പത്തു സെന്റ് സ്ഥലം വാങ്ങി വീടുവച്ചു. ലോക്ക് ഡൗണ്‍ ആയതോടെ പുറത്തിറങ്ങി കൃഷിയിടത്തിലേക്ക് പോകാന്‍ കഴിയാതെയായി. പോലീസിനോട് അനുവാദം ചോദിച്ചിട്ട് നൽകുന്നുമില്ല…’- കേളകം ടൗണിനോടുചേര്‍ന്ന് താമസിക്കുന്ന മണ്ണേകുളം ദേവസ്യ കണ്ണീരോടെ പറയുന്നു.
പുലർച്ചെ പോയി 300 റബര്‍ ടാപ്പ് ചെയ്യും. തിരികേവന്ന് പ്രഭാതഭക്ഷണവും കഴിഞ്ഞ് പത്തോടെ പാലെടുത്ത് തിരിച്ചുവരികയാണു പതിവ്. കശുവണ്ടി കാലമായതിനാല്‍ ഉച്ചകഴിഞ്ഞ് ഭാര്യയെയും കൂട്ടി പോയി കശുവണ്ടിയും ശേഖരിക്കും. ഇപ്പോൾ ഇതെല്ലാം അവതാളത്തിലായി. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ദേവസ്യ പറയുന്നു.
ഇത് ഒരാളുടെ മാത്രം അനുഭവമല്ല. മലയോരത്തെ ഒട്ടുമിക്ക കര്‍ഷകരും ഇതേ പ്രയാസങ്ങള്‍ നേരിടുകയാണ്. വീടും കൃഷിഭൂമിയും അകലെയുള്ള ഒരുപാട് കര്‍ഷകരുണ്ട് മലയോര മേഖലകളില്‍.
എന്നാല്‍, വീട്ടില്‍നിന്ന് കൃഷിഭൂമിയിലേക്ക് പോകാന്‍ നിരത്തിലിറങ്ങുന്നവരെയും പോലീസ് വിരട്ടിയോടിക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. ശേഖരിക്കാൻ കഴിയാതെ നിരവധി തോട്ടങ്ങളിലാണ് കശുവണ്ടി നശിക്കുന്നത്.
കോവിഡും ലോക്ക് ഡൗണും കാര്‍ഷികമേഖലയില്‍ ഗുരുതരപ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. മിക്കയിടങ്ങളിലും റബര്‍ ടാപ്പിംഗ് നടത്താന്‍ കഴിയുന്നില്ല.
റബര്‍, തെങ്ങ് തോട്ടങ്ങളില്‍ ഉള്‍പ്പെടെ സംരക്ഷണപ്രവര്‍ത്തനങ്ങളും കാടുതെളിക്കല്‍, വളമിടല്‍ ജോലികളും നടക്കുന്നില്ല. വിളവെടുത്ത തേങ്ങയും റബര്‍ഷീറ്റുകളും വില്‍ക്കാനുമാകുന്നില്ല.
തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനും കൃഷിപ്പണികള്‍ നടത്താനും വളപ്രയോഗത്തിനും വരുമാനമില്ലാതെ കര്‍ഷകര്‍ വിഷമത്തിലാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രധാനവരുമാനമാര്ഗമായ കശുവണ്ടിയും ഇക്കൊല്ലം ചതിച്ചിരിക്കുന്നു. വിളവ് വളരെ കുറവാണ്. വിലയും കുറവ്. വിറ്റഴിക്കാനും കഴിയുന്നില്ല. കര്‍ഷകത്തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്.