കുമരകം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് ഭീതിയിൽ കഴിയുകയാണ് കുമരകം ഒന്നാം കലുങ്ക് പ്രദേശവാസികൾ.
ഇന്നലെ ഒന്നാം കലുങ്കിനടിയിൽ നിന്ന് എട്ടടി മൂർഖനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും അവരുടെ അനാസ്ഥയാണ് ഇപ്പോൾ പ്രദേശവാസികൾക്ക് ഭീഷണിയായിരിക്കുന്നത്.
കൂടുപൊട്ടിച്ചു പുറത്തു ചാടിയ മൂർഖനെ പേടിച്ചു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.
ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പലപ്പോഴും ഇത്തരം സ്ഥലങ്ങളിലെത്താറില്ലെന്നും ആരോപണമുയർന്നു കഴിഞ്ഞു.
ഒരാഴ്ച മുന്പ് തിരുവാർപ്പിലും കെണിയിൽ അകപ്പെട്ട രണ്ടു മൂർഖൻ പാന്പിനെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല.
ഇന്നലെ രാവിലെ കുമരകം മണ്ണാന്തറ ബിനോയി മത്സ്യം പിടിക്കാൻ കുമരകം ഒന്നാം കലുങ്കിനടിയിൽ സ്ഥാപിച്ച മീൻ കൂടയിൽ എട്ടടി മൂർഖൻ അകപ്പെട്ടത്. വിവരം കുമരകം പോലീസിലും വനവകുപ്പിലും വിളിച്ചു അറിയിച്ചു.
യുവാവ് 10 മണിക്കൂർ കാത്തിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയില്ല. പലരും വനവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടങ്കിലും നോക്കട്ടെ, ശ്രമിക്കാം എന്ന മറുപടിയാണ് ലഭിച്ചത് .