കാട്ടിലും ഇടവഴിയിലും പറമ്പിലുമൊക്കെ പാമ്പുകളെ കാണാറുള്ളതാണ്. എന്നാൽ ഇപ്പോൾ പാമ്പുകൾ ഹെൽമറ്റിന് ഉള്ളിലും പുരപ്പുറത്തും വരെ എത്തിയിരിക്കുന്നു. ഇത്തരത്തിൽ പാമ്പിനെ കണ്ടെന്നുള്ള വാർത്തകളും നമ്മൾ കേൾക്കാറുള്ളതാണ്. എന്നാൽ ഇവിടെ സംഭവം കുറച്ച് വ്യത്യസ്തമാണ്. എടിഎം കൗണ്ടറിലാണ് പാമ്പ് കയറിയിരിക്കുന്നത്.
കനാറാ ബാങ്ക് പെരിക്കല്ലൂർ സ്ഥാപിച്ച എടിഎം കൗണ്ടറിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഞായർ രാത്രി 9.30 മണിയോടെ ആയിരുന്നു സംഭവം. പണമെടുക്കാനെത്തിയ പെരിക്കല്ലൂർ സ്വദേശി ഒഴുകയിൽ ഷൈജു(44) വാണ് പാമ്പിനെ കണ്ട് ഭയന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്.
ഇയാൾ കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് തൊട്ടടുത്തു കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റാൻ തുടങ്ങിയത്. ഷൈജു ഉടൽ വാതിൽ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു. അല്ലെങ്കിൽ തന്നെ ആരും എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ പ്രതീക്ഷിക്കുന്നില്ലല്ലോ.
തുടർന്ന് രാത്രി പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. വേനൽ ശക്തമായതോടെ ഇഴജന്തുക്കളുടെ ശല്യം വർധിച്ചെന്ന് വനപാലകർ പറയുന്നു. തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവയെത്താനുള്ള സാധ്യതയേറെയാണെന്നും അവർ വ്യക്തമാക്കി.