ഒരു പാമ്പ് കടിച്ചാല്‍ എന്തു സംഭവിക്കും? എന്തും സംഭവിക്കാം. പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചാല്‍ കടിയേറ്റയാളെ രക്ഷപ്പെടുത്താം. എന്നാല്‍, വിവിധ ഇനത്തില്‍പ്പെട്ട 12ഓളം പാമ്പുകള്‍ തെരഞ്ഞുപിടിച്ചു കടിച്ചിട്ടും ഒരു പോറല്‍പ്പോലുമേല്‍ക്കാതെ രക്ഷപ്പെട്ട ഒരാളുണ്ട്. പേര് എസ്. ലിംഗരാജു, വയസ് 21 മാത്രം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലുതവണയാണ് പാമ്പുകള്‍ ലിംഗരാജുവിനെ കൊത്തിയത്. അതും മൂര്‍ഖന്‍ ഉള്‍പ്പെടെ. വൈദ്യശാസ്ത്രത്തിനാകെ അത്ഭുതമായിരിക്കുകയാണ് ഈ ചെറുപ്പക്കാരന്റെ രക്ഷപ്പെടല്‍.
കര്‍ണാടകയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ വിജയപുരയിലാണ് ലിംഗരാജു കുടുംബത്തിനൊപ്പം താമസിക്കുന്നത്. പാമ്പുകള്‍ക്ക് ഇയാളോടുള്ള പക തുടങ്ങിയിട്ട് വര്‍ഷം അഞ്ചാകുന്നു. സോളാപ്പൂരില്‍ താമസിക്കുന്ന സമയത്തായിരുന്നു ആദ്യത്തെ ആക്രമണം. ആദ്യത്തെ കടി തന്നെ മൂര്‍ഖന്റെ വക. മാതാപിതാക്കള്‍ കുട്ടിയായിരുന്ന ലിംഗരാജുവിനെയുംകൊണ്ട് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്കോടി. ആദ്യ കടിയില്‍ പരാജയപ്പെട്ടതുകൊണ്ടാണോ എന്തോ പിന്നീടുള്ള ഒരു മാസത്തിനിടയില്‍ ഏഴുതവണ കൂടി പാമ്പുകള്‍ ലിംഗരാജുവിനെ മുറിവേല്പിച്ചു. ഇതോടെ മാതാപിതാക്കളും കുടുംബക്കാരും ലിംഗരാജുവിനായി പ്രത്യേക സുരക്ഷയൊരുക്കി. പാമ്പുകളില്‍നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കുടുംബസമേതം വിജയപുരയിലേക്കു മാറി. ബംഗളൂരു നഗരത്തിലെ മികച്ച ആശുപത്രികളിലേക്ക് ദൂരം കുറവാണെന്നതായിരുന്നു കാരണം.
ഓരോ തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴും വലിയ തുകയാണ് ചികിത്സയ്ക്കായി മുടക്കുന്നത്. ഇതുവരെ പാമ്പുകടിയില്‍നിന്നു രക്ഷപ്പെടുത്താന്‍ ലക്ഷക്കണക്കിനു രൂപ മുടക്കി. കര്‍ഷകരായ മാതാപിതാക്കള്‍ക്ക് വലിയ വരുമാനവുമില്ല. പാമ്പുകള്‍ തെരഞ്ഞുപിടിച്ചു കടിക്കുന്നതില്നിന്ന് എങ്ങനെ മകനെ രക്ഷിക്കുമെന്ന ചിന്തയിലാണ്് മാതാപിതാക്കള്‍ ഇപ്പോള്‍. എന്തുകൊണ്ടാണ് ലിംഗരാജുവിനെ പാമ്പുകള്‍ നോട്ടമിടുന്നതെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും വ്യക്തത പോരാ.