അഗളി: ആശുപത്രിക്കുള്ളിലേക്കു കടക്കാൻശ്രമിച്ച മൂർഖൻ പാന്പിനെ പിടികൂടി ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ ഡോക്ടർക്കു കടിയേറ്റു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. രമേശിനാണ് പാന്പിന്റെ കടിയേറ്റത്. ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച ഉച്ചയോടെയാണ് എട്ടടിയോളം നീളമുള്ള വെള്ളമൂർഖനെ ആശുപത്രി കെട്ടിടത്തിൽ കണ്ടെത്തിയത്. പാന്പുപിടിത്തത്തിൽ പരിചയ സന്പന്നനായ ഡോക്ടർ സഹപ്രവർത്തകരുടെ സഹായത്തോടെ പാന്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ഡോ. രമേശ് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിനു രോഗികളെത്തുന്ന ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ രണ്ടുഭാഗവും കാടുനിറഞ്ഞ പ്രദേശമാണ്. ആശുപത്രിയോടു ചേർന്ന വെയ്റ്റിംഗ് ഷെഡിൽ പാന്പുകളെ കാണുന്നതു നിത്യസംഭവമാണെന്നു നാട്ടുകാർ പറഞ്ഞു. വനംവകുപ്പിനു കൈമാറിയ പാന്പിനെ സൈലന്റ്വാലി വനത്തിൽ വിട്ടു.