കടുത്തുരുത്തി: ഫോറസ്റ്റുകാർ വരാൻ വൈകി, കാത്തിരുന്നു മടുത്ത മൂർഖൻപാന്പ് പിടിച്ചു കൂട്ടിലാക്കിയ വീട്ടുകാർക്കിട്ടു തന്നെ ഉഗ്രൻ പണികൊടുത്തു. പാന്പ്പിടിത്തത്തിലൂടെ ശ്രദ്ധേയനായ സോമനാചാരിയുടെ കുടുംബമാണ് ഇപ്പോൾ മൂർഖൻപാന്പിന്റെ മധുരപ്രതികാരത്തിൽ വെട്ടിലായിരിക്കുന്നത്.
ഫോറസ്റ്റുകാർക്കു കൈമാറാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്നു മൂർഖൻ പാന്പുകളിലൊന്നാണ് പണിപറ്റിച്ചത്. ഒന്നും രണ്ടുമല്ല 35 മുട്ടകളിട്ട് തല ഉയർത്തി നിൽക്കുകയാണ് കക്ഷി. ഫോറസ്റ്റുകാർ വരാൻ വൈകിയാൽ മുട്ടകളെല്ലാം വിരിഞ്ഞാൽ എന്താകും സ്ഥിതിയെന്നാണ് ഇപ്പോൾ നീണ്ടൂർ സ്വദേശിയായ സോമനാചാരിയുടെ ആശങ്ക.
രണ്ടാഴ്ച മുന്പ് കാണക്കാരിയിൽനിന്നു പിടികൂടിയ മൂർഖൻപാന്പാണ് വീട്ടിലെത്തിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ 35 മുട്ടകളിട്ടത്. ഈ മൂർഖനൊപ്പം സമീപ പ്രദേശങ്ങളിൽനിന്നായി പിടികൂടിയ മറ്റു രണ്ടു മൂർഖൻ പാന്പുകളെയും ഇദ്ദേഹം ദിവസങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരികയാണ്. കൂട്ടുകുടുംബമായി കഴിയുന്ന സോമനാചാരിയുടെ വീട്ടുകാരും സമീപവാസികളുമെല്ലാം പരിഭ്രാന്തിയിലാണ്.
മുന്പും പിടികൂടിയ പാന്പുകളെ ഫോറസ്റ്റുകാർ വരുന്നതുവരെ വീട്ടിൽ സുക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരനുഭവം ആദ്യമാണെന്നു വീട്ടുകാർ പറഞ്ഞു. മുട്ടകളെയും പാന്പിനെയും വലയിൽ പൊതിഞ്ഞു പെട്ടിയിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. മുട്ടകൾ വിരിഞ്ഞാൽ കാര്യങ്ങൾ കൈവിട്ടു പോകുമോയെന്നാണ് ഇപ്പോൾ വീട്ടുകാർ പരസ്പരം ചോദിക്കുന്നത്.