വീടിന്റെ മുന്‍വാതിലിന്റെ വിടവിനുള്ളില്‍ ആക്രമിക്കാന്‍ തയ്യാറായി പത്തിവിരിച്ചു നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വടക്കേ ഇന്ത്യയിലെ ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യമെന്നാണ് നിഗമനം. ഇഷ്ടിക കെട്ടിയുണ്ടാക്കിയ വീടിന്റെ വാതിലിനു മുന്നില്‍ പത്തിവിരിച്ച് ആക്രമിക്കാന്‍ തയാറായി നില്ക്കുന്ന പാമ്പിനെ ദൃശ്യത്തില്‍ കാണാം…
വീഡിയോ ചിത്രീകരിക്കുന്നയാളെ പാമ്പ് കൊത്താനായുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
ദി ഫിഗന്‍ എന്ന ട്വിറ്റര്‍ പേജിലാണ് ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
ലോകത്ത് പ്രതിവര്‍ഷം പാമ്പുകടിയേറ്റു മരിക്കുന്ന പകുതിയോളം ആളുകള്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ കൃഷിക്കാര്‍, തൊഴിലാളികള്‍, വേട്ടക്കാര്‍, പാമ്പുപിടിത്തക്കാര്‍, ഗോത്രനിവാസികള്‍ തുടങ്ങിയവര്‍ക്കാണു കൂടുതലും കടിയേല്‍ക്കുന്നത്.
ഇന്ത്യയില്‍ പാമ്പുകടികളുടെ 90 ശതമാനവും സംഭവിക്കുന്നത് 4 പാമ്പിനങ്ങളില്‍ നിന്നാണ്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്, ചേനത്തണ്ടന്‍, അണലി എന്നിവയാണ് ഇവ.
ബിഗ് 4 എന്നാണ് ഈ പാമ്പിനങ്ങള്‍ ചേര്‍ത്ത് അറിയപ്പെടുന്നത്. ഇതില്‍ തന്നെ ചേനത്തണ്ടനാണ് കണക്കുകളില്‍ മുമ്പന്‍.
ചെരുപ്പ് ധരിക്കാത്തതാണ് ഇന്ത്യയില്‍ പാമ്പുകടികള്‍ കൂടാന്‍ കാരണമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇന്ത്യയില്‍ പാമ്പുകടികളില്‍ നല്ലൊരു ശതമാനവും കാല്‍വിരലുകളിലാണ് ഏല്ക്കുന്നതെന്നത് ഇതിന്റെ തെളിവായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ പാമ്പുകടിയേറ്റ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത്, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യ പ്രദേശ്, ഒഡീഷ, ഉത്തര്‍ പ്രദേശ്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ ഒഡീഷയും ആന്ധ്ര പ്രദേശുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 97 ശതമാനവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണെന്നും പഠനങ്ങള്‍ വെളിവാക്കുന്നു.
പാമ്പു കടിയേറ്റുള്ള മരണങ്ങളില്‍ ഇന്ത്യയ്ക്കു തൊട്ടുപിന്നില്‍ ഇന്തോനേഷ്യയാണുള്ളത്. മൂന്നാം സ്ഥാനത്ത് നൈജീരിയയും നാലാംസ്ഥാനത്ത് പാക്കിസ്ഥാനും ബംഗ്ലാദേശും ഇടംപിടിച്ചിരിക്കുന്നു.
എന്നാല്‍ ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പുകള്‍ വസിക്കുന്ന ഓസ്ട്രേലിയയിലും യുഎസിലുമൊക്കെ പാമ്പുകടിയേറ്റുള്ള മരണങ്ങള് പൊതുവെ കുറവാണ്. ജന സാന്ദ്രത കുറവാണെന്നതാണ് ഇതിനു കാരണം.