പനച്ചിക്കാട്: വലയില്‍ കുരുങ്ങി അവശനിലയില്‍ കിടന്ന മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പിന്റെ സ്നേക് റെസ്ക്യൂവറെത്തി രക്ഷപ്പെടുത്തി.
പനച്ചിക്കാട്, ചോഴിയക്കാട് പനച്ചിയില്‍ മിനോയിയുടെ വീട്ടുപരിസരത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്ന വലയിലാണ് ഇന്നലെ രാവിലെ 10 അടിയോളം നീളമുള്ള മൂര്‍ഖന്‍ കുരുങ്ങിയത്.
പടം പൊഴിഞ്ഞ് കിടന്ന പാമ്പിനെ ദിവസങ്ങളായി വീട്ടുപരിസരത്തു കണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു.
ഇന്നലെ രാവിലെ ഇരയെടുത്തു പോകാന്‍ കഴിയാതെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ വാര്‍ഡ് മെംബര്‍ ജയനെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിനേയും വിവരം അറിയിച്ചു.
റോയി മാത്യു വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവര്‍ തിരുവാര്‍പ്പ് സ്വദേശി ഡോ. വിശാല്‍ സോണി സ്ഥലത്തെത്തി റോയി മാത്യുവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാമ്പിനെ വലയില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിനു കൈമാറും.