എരുമേലി: സെന്റ് തോമസ് സ്കൂൾ വളപ്പിൽനിന്ന് മൂർഖൻ പാമ്പിനെ വനപാലകർ പിടികൂടി.
ഒരു മാസം മുമ്പ് സ്കൂൾ വളപ്പിൽ കല്ലുകൾക്കിടയിൽ മൂർഖനെ കണ്ട് അധികൃതർ വനപാലകരെ വിളിച്ചു വരുത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
അന്ന് മുതൽ ജാഗ്രതയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ദിവസം രാത്രിയിൽ ജോലി ചെയ്തു കൊണ്ടിരുന്നവരാണ് സ്കൂളിന്റെ മുറ്റത്ത് പാമ്പിനെ കണ്ടത്. പൂച്ചയെ കണ്ട് പിടികൂടാൻ ശ്രമിക്കുകയായിരുന്നു പാമ്പ്.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതോടെ എരുമേലി റേഞ്ച് ഓഫീസർ ജയകുമാറിന്റെ നിർദേശപ്രകാരം പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി. ജയനും സംഘവും എത്തി.
പാമ്പുപിടുത്ത വിദഗ്ധനും വനം വകുപ്പ് ജീവനക്കാരനുമായ അജീഷ് പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രൻ, ഡ്രൈവർ അജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. കൂട്ടിലാക്കിയ മൂർഖനെ പ്ലാച്ചേരിയിൽ റെസ്ക്യു ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്.
പാമ്പുകളെ പിടികൂടുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച വനം വകുപ്പിലെ ടീമിന്റെ സേവനം എപ്പോഴും ലഭ്യമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫോൺ: 8547601183 (പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസ് ), 9847021726 (കോട്ടയം ഓഫീസ് ).