ശ്രീകൃഷ്ണപുരം: ബംഗളൂരുവിൽ സോഫ്റ്റ് വെയർ കന്പനിയിലെ ജീവനക്കാരനായ ശിവകുമാർ (35) യാത്രയായത് ആദ്യത്തെ കണ്മണിയെ കാണാൻ കാത്തുനിൽക്കാതെ.
പരിയാനന്പറ്റ പൂരം കാണാനും, ഗർഭിണിയായ ഭാര്യയോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനുമാണ് ശിവകുമാർ ബംഗളൂരുവിൽനിന്നു യാത്രതിരിച്ചത്.
ബംഗളൂരുവിൽ പത്തുവർഷത്തിലധികമായി സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന ശിവകുമാർ, ഒന്പതുവർഷം മുന്പാണ് തൃശൂർ സ്വദേശിയായ ശ്രുതിയെ വിവാഹം കഴിച്ചത്.
ഒരു കുഞ്ഞിക്കാൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു വർഷങ്ങളായി ഈ ദന്പതികൾ. വഴിപാടുകളും പ്രാർത്ഥനയും ഒപ്പം ചികിത്സയുമായി ഒരു കണ്മണിക്കായുള്ള കാത്തിരിപ്പ് എട്ടുവർഷം നീണ്ടു. ഒടുവിൽ എട്ടുമാസം മുന്പാണ് കുടുംബത്തെ ആഹ്ലാദത്തിലാക്കി ശ്രുതി ഗർഭിണിയായത്.
കഴിഞ്ഞ ജനുവരി 27ന് ഭാര്യയെ പ്രസവത്തിനു പറഞ്ഞയയ്ക്കുന്ന ചടങ്ങിനു ശിവകുമാർ എത്തിയിരുന്നു. മൃതദേഹം ഇന്നലെ വൈകീട്ട് വീട്ടിലെത്തിച്ചു. ഒറ്റപ്പാലം തഹസിൽദാർ എസ്.ബിജു, അഡീഷണൽ തഹസിൽദാർമാരായ ശ്രീനിവാസ്, ദാമോദർ, വില്ലേജ് ഓഫീസർമാർ എന്നിവർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സർക്കാരിന്റെ പ്രതിനിധിയായി കാട്ടുകുളത്തെ വസതിയിലെത്തി.
അമ്മ:സത്യഭാമ. സഹോദരങ്ങൾ: കൃഷ്ണപ്രസാദ്, ഉദയകുമാർ. സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.