വോട്ടർപട്ടികയിൽ ഇത്തവണ എന്തുകൊണ്ട് വോട്ടർമാർ കൂടിയെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ചപ്പോൾ കോവിഡാണ് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ എണ്ണം കൂടാനുള്ള കാരണങ്ങളിലൊന്നെന്ന് മനസിലായി.
കോവിഡ് മൂലം ഗൾഫിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായി നിരവധി പ്രവാസികൾ നാട്ടിലെത്തി. അന്യസംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്നവരും കേരളത്തിലെത്തി.
മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കാൻ പോയിരുന്ന വോട്ടവകാശമുള്ള വിദ്യാർഥികൾ ഇപ്പോൾ കേരളത്തിൽ ഓണ്ലൈൻ ക്ലാസുകൾ വഴിയാണ് പഠനം നടത്തുന്നത്.
ഇക്കൂട്ടരെല്ലാം വോട്ടർപട്ടികയിൽ തങ്ങളുടെ പേരുകളുണ്ടോ എന്ന് നോക്കി പേരു ചേർത്തത് വോട്ടർപട്ടികയിൽ വോട്ടർമാരുടെ എണ്ണം കൂടാനുള്ള കാരണമായി.
അടുപ്പം പ്രശ്നമാണുണ്ണി…അകലമല്ലോ സുരക്ഷിതം
പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രമായാലും പോളിംഗ് സ്റ്റേഷനായാലും എല്ലാം തലേദിവസം തന്നെ അണുവിമുക്തമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സാമഗ്രികൾ പായ്ക്ക് ചെയ്യുന്നവർ ഗ്ലൗസും മാസ്കും ധരിച്ച് കൈകൾ സാനിറ്റൈസ് ചെയ്യണമെന്നതും നിർബന്ധമാണ്. ബൂത്തിൽ സാമൂഹിക അകലം പാലിക്കാനായി പ്രത്യേകം അടയാളപ്പെടുത്താനും നിർദ്ദേശമുണ്ട്.
പോളിംഗ് സ്റ്റേഷനു പുറത്ത് സ്ലിപു കൊടുക്കാനും മറ്റും ഇരിക്കുന്നവരും കോവി്ഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. പോളിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം.
വോട്ടർമാർക്ക് പോളിംഗ് സമയത്തും മാസ്ക് ധരിക്കാം. ഏതെങ്കിലും സാഹചര്യത്തിൽ വോട്ടറെ സംശയം തോന്നുകയാണെങ്കിൽ മാസ്ക് മാറ്റി സ്ഥിരീകരണം വരുത്തുകയും ചെയ്യാം.
പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യുന്പോഴും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കോവിഡ് മുൻകരുതലുകളും സുരക്ഷ ക്രമീകരണങ്ങളും ഇതുപോലെ തന്നെ കർശനമായിരിക്കും.
കൗണ്ടിംഗ് ടേബിളുകൾക്കും സാമൂഹിക അകലം ബാധകമായിരിക്കുമെന്നാണ് കമ്മീഷൻ പറഞ്ഞിട്ടുള്ളത്. നോമിനേഷൻ സമർപണത്തിനും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം.
നാമനിർദ്ദേശപത്രിക സമർപണ സമയത്ത് റിട്ടേണിംഗ് ഓഫീസറും അസി.റിട്ടേണിംഗ് ഓഫീസറും നിർബന്ധമായും ഫെയ്സ് ഷീൽഡോ മാസ്കോ അണിയണം. പത്രിക വാങ്ങിയ ശേഷം ഇവർ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുമാണ് നാമനിർദ്ദേശ പത്രിക സമർപിക്കാൻ വരുന്നതെങ്കിൽ അക്കാര്യം നേരത്തെ തന്നെ റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരിൽ നിന്നും പത്രിക സ്വീകരിക്കുന്നതിന് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്ഥാനാർത്ഥി കോവിഡ് ബാധിതനാണെങ്കിലോ ക്വാറന്റൈനിലാണെങ്കിലോ നാമനിർദ്ദേശപത്രിക സമർപിക്കാൻ പ്രത്യേക സംവിധാനങ്ങളും ചട്ടങ്ങളും നിബന്ധനകളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.