ബംഗളൂരു: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം മൂലമുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കാമെന്നു പഠനം.
വരുന്ന ആഴ്ചകളിൽ മരണസംഖ്യ ഇരട്ടിയിലധികം കൂടാമെന്നാണ് പ്രവചനം.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം മാത്തമാറ്റിക്കൽ മോഡൽ അനുസരിച്ചു നടത്തിയ പഠനത്തിലാണ് നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ജൂണ്‍ പകുതിയോടെ മരണം 4,04,000 വരെ ആകാമെന്ന് പറയുന്നത്.
ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ നിരക്ക് മുൻകൂട്ടി പ്രവചിക്കുക ദുഷ്കരമെങ്കിലും ശക്തമായ ആരോഗ്യ മുൻകരുതലുകൾ എടുക്കണമെന്നതിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം അമേരിക്കയാണ് മരണസംഖ്യയിൽ മുന്നിൽ. ഏതാണ്ട് 5,78,000 പേരാണ് അവിടെ മരണത്തിനു കീഴടങ്ങിയത്.
ഇന്ത്യ ഈ സംഖ്യ മറികടക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. അടുത്ത നാലുമുതൽ ആറുവരെ ആഴ്ചക്കാലം രാജ്യത്തിന് ഏറ്റവും ദുഷ്കരമാകാനാണ് സാധ്യത.