ന്യൂഡൽഹി: കോവിഡ്-19 രോഗബാധ നിയന്ത്രണാതീതമായാൽ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി ഉന്നതതല ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യ വിദഗ്ധരുടെയും യോഗം വിളിച്ചു ചർച്ച നടത്തി. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ സ്ഥിതി വഷളായ സാഹചര്യത്തിലാണിത്.
ചൊവാഴ്ചയും ബുധനാഴ്ചയും പ്രധാനമന്ത്രി മോദി, സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്തു പ്രതിദിനം പതിനായിരത്തിലേറെപ്പേരിൽ രോഗം സ്ഥിരീകരിക്കുന്നതും നാനൂറോളം പേർ മരിക്കുന്നതും ആശങ്കാജനകമാണ്.
ഡൽഹിയിൽ അടുത്ത മാസാവസാനത്തോടെ രോഗികൾ അഞ്ചു ലക്ഷമാകുമെന്നാണ് സർക്കാർ കണക്ക്. മഹാരാഷ്ട്രയിൽ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ദിവസേന 3,500 പേർക്കു രോഗം സ്ഥിരീകരിക്കുന്നു. ചെന്നൈയിൽ രോഗബാധിതർ 30,000 കവിഞ്ഞു.
ഡൽഹിയിൽ പതിനായിരം കിടക്കകളുള്ള താത്കാലിക ആശുപത്രി സജ്ജമാക്കാൻ തീരുമാനമായി. രാധാ സോമി സത്സംഗ് ബെയസ് എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ കൺവൻഷൻ കേന്ദ്രമാണ് താത്കാലിക ആശുപത്രിയാക്കുന്നത്.
മഹാനഗരങ്ങളിലെല്ലാം അടിയന്തരമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിരീക്ഷിച്ചു. രണ്ടുമാസത്തേക്കു രോഗബാധയും മരണവും എങ്ങനെയായിരിക്കുമെന്നതു സംബന്ധിച്ച നിഗമനങ്ങൾ നീതി ആയോഗ് അംഗങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ആഭ്യന്തരമന്ത്രി അമിത്ഷാ, ആരോഗ്യമന്ത്രി ഹർഷ്വർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
രോഗവ്യാപനം കൂടുതലുള്ള അഞ്ചു സംസ്ഥാനങ്ങളിൽ കൂടുതൽ ഐസിയു ബെഡുകളും ചികിത്സാ സൗകര്യവും ഉണ്ടാക്കണമെന്നു നിർദേശിച്ചു. ലോക്ക്ഡൗൺ ഇളവുകളും യോഗം വിലയിരുത്തി.