നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ പ്രതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ പ്രധാനികൾ.
530 ഗ്രാം കൊക്കെയിനുമായി നൈജീരിയൻ സ്വദേശിയായ കാനെ സിംപോ ജൂലി (21) എന്ന യുവതി ശനിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.
ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്ന മറ്റൊരു നൈജീരിയൻ യുവതിയായ ഇഫോമ ക്യൂൻ അനോസി(33)യും ഡിആർഐ വിഭാഗത്തിന്റെ പിടിയിലായിരുന്നു.
മയക്കുമരുന്നുമായി എത്തുന്ന കാനെ സിംപോ ജൂലിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയിരിക്കുകയായിരുന്നു ഇവർ.
എമിഗ്രേഷൻ വിഭാഗത്തിന്റെ സംശയം
നൈജീരിയയിൽനിന്നു ദോഹ വഴിയാണ് കാനെ സിംപോ ജൂലി നെടുമ്പാശേരിയിലെത്തിയത്. ഇവരുടെ യാത്രാ രേഖകൾ പൂർണമല്ലാത്തതിനെത്തുടർന്ന് എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു.
പിന്നീട് സംശയം തോന്നിയതിനെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവർക്ക് കോട്ട് ഡി ഐവയർ പാസ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നൈജീരിയയിൽ താമസിക്കുകയാണെന്നാണ് ഡിആർഐയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.
ഇഫോമയുടെ കേന്ദ്രംമുംബൈ
കാനെ സിംപോ ജൂലിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെത്തിയ ഇഫോമ ക്യൂൻ എന്ന യുവതി കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിൽ താമസിച്ചു വരികയാണ്.
മുംബൈയാണ് ഇവരുടെ പ്രധാന കേന്ദ്രം. നൈജീരിയയിൽനിന്നു മയക്കുമരുന്നുമായി എത്തുന്ന കാരിയറുമായി മെസേജ് വഴി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരാണ്.
സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തെത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കും കരിയറുമായി ഇവർ കണ്ടുമുട്ടുക.
കെണിയൊരുക്കിഡിആർഐ
എന്നാൽ നെടുമ്പാശേരിയിൽ ഡിആർഐ വിഭാഗം ഒരുക്കിയ കെണിയിൽ ഇവർ കുടുങ്ങുകയായിരുന്നു. മയക്കുമരുന്നുമായി എത്തിയ യുവതി പിടിക്കപ്പെട്ട വിവരം പുറത്തറിയിക്കാതെ ഈ യുവതിയുടെ ഫോണിൽനിന്നും സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തെത്തിയെന്ന സന്ദേശം ഇവർക്ക് കൈമാറുകയായിരുന്നു.
പിന്നീട് സന്ദേശം അയച്ച് കരിയർ തങ്ങാൻ നേരത്തേ നിർദേശിച്ചിരുന്ന ഹോട്ടലിലേക്ക് ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. മയക്കുമരുന്ന് എത്തിച്ച യുവതിയെ കാണാൻ ഈ ഹോട്ടലിൽ എത്തിയപ്പോഴാണ് ഇഫോമ ക്യൂൻ അനോസി ഡിആർഐയുടെ വലയിലായത്.
മയക്കുമരുന്നുമായി എത്തിയ യുവതി മുൻപും കേരളത്തിലെത്തി മടങ്ങിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നത്.
സാധനം എത്തിയത്കൊച്ചിയിലെ റാക്കറ്റിനായി
കേരളത്തിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിനാണ് ഇവർ സാധനം എത്തിക്കുന്നത്. ചെന്നൈ, ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും ഇവർ ഇവിടെ നിന്നും മയക്കുമരുന്ന് എത്തിക്കുന്നുണ്ട്.
കൊച്ചിയിൽ ഇവരുമായി ഇടപാട് നടത്തുന്നവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ആഫ്രിക്കൻ യുവതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.