വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരോത്പന്നങ്ങൾ പുതിയ ഉയരത്തിൽ. ടോക്കോമിൽ റബർ അഞ്ചു മാസത്തെ താഴ്ന്ന റേഞ്ചിൽ. സീസണ് അടുത്തു, കുരുമുളക് കൂടുതൽ പ്രതിസന്ധിയിലേക്ക്. ഏലത്തിന് ഡിമാൻഡ് ഉയരുന്നു. സ്വർണ വില ഉയർന്നു.
നാളികേരം
നാളികേരോത്പന്നങ്ങൾ പുതിയ ഉയരങ്ങളിൽ. വെളിച്ചെണ്ണ സർവകാല റിക്കാർഡിൽ. വിപണിയിലെ ഉണർവ് ദക്ഷിണേന്ത്യയിലെ നാളികേര കർഷകർക്കു നേട്ടം പകരുകയാണ്. വാരാന്ത്യം കേന്ദ്രം ഭക്ഷ്യയെണ്ണയുടെ ഇറക്കുമതിച്ചുങ്കം വീണ്ടും വർധിപ്പിച്ചത് വരുംദിനങ്ങളിൽ നാളികേര ഉത്പാദകർക്ക് ആവേശമാവും.
സോയാബീൻ, സൂര്യകാന്തി, കടുക് എണ്ണകളുടെ ഇറക്കുമതിച്ചുങ്കം 25ൽനിന്ന് 40 ശതമാനമായി വാരാന്ത്യം പുതുക്കി. ക്രൂഡ് പാം ഓയിലിന്റെ ചുങ്കം 15 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കി. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോയാബീന്റെ ചുങ്കം 30ൽനിന്ന് 45 ശതമാനമാക്കി. പിന്നിട്ട ഒരു വർഷത്തിൽ 154.50 ലക്ഷം ടണ് ഭക്ഷ്യയെണ്ണ രാജ്യം ഇറക്കുമതി നടത്തി. വിദേശ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം ഉയർത്തിയതിനാൽ ആഭ്യന്തരവിപണിയിൽ പാചകയെണ്ണകളുടെ വില വീണ്ടും മുന്നേറാം.
പച്ചത്തേങ്ങ കിലോഗ്രാമിന് 60 രൂപയിലെത്തി. മൊത്തവിപണിയിൽ കൊപ്ര ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 13,300 രൂപയിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 17,100ൽനിന്ന് 17,600ലേക്ക് കയറി. ചെറുകിട വിപണികളിൽ എണ്ണ കിലോഗ്രാമിന് 200 രൂപയായി. വിപണിയിലെ ഉണർവിനിടെ പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. അതേസമയം വെളിച്ചെണ്ണയുടെ വിലക്കയറ്റം പ്രദേശിക വില്പനയെ ബാധിച്ചു. മണ്ഡലകാലം തുടങ്ങിയതോടെ പച്ചത്തേങ്ങയ്ക്ക് ആവശ്യം വർധിച്ചതിനാൽ പുതുവർഷം വരെ നേട്ടം നിലനിർത്താം.
റബർ
രാജ്യാന്തര റബർ മാർക്കറ്റ് കൂടുതൽ പ്രതിസന്ധിയിൽ. ടോക്കോമിൽ അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന റേഞ്ചിലേക്ക് റബർ നീങ്ങിയത് നിക്ഷേപകരെയും ഉത്പാദക രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. റബറിന്റെ അധികോത്പാദനവും ചൈനീസ് വ്യാവസായികമാന്ദ്യവും ഷാങ്ഹായിൽ റബറിൽ വില്പനസമ്മർദം സൃഷ്ടിച്ചു. ടോക്കോമിൽ കിലോ 200 യെന്നിലെ താങ്ങ് നഷ്ടപ്പെട്ട റബർ വാരാന്ത്യം 190 യെന്നിലാണ്. ഈ വാരം 185 യെന്നിലെ താങ്ങു തകർന്നാൽ 169 യെന്നിലേക്ക് സാങ്കേതികമായി റബർവിപണി തളരാം.
ടയർ കന്പനികൾ സംസ്ഥാനത്ത് നാലാം ഗ്രേഡ് 12,550ൽനിന്ന് 12,450 രൂപയാക്കി. ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് മന്ദഗതിയിലാണ്. വിപണിയെ ബാധിച്ച മരവിപ്പു തന്നെയാണ് ഉത്പാദകരെ തോട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചത്. സ്റ്റോക്കിസ്റ്റുകളും മധ്യവർത്തികളും മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് ചരക്കിൽ പിടിമുറുക്കി. അതേസമയം ക്രിസ്മസ് ആവശ്യങ്ങൾക്കായി വരും ദിനങ്ങളിൽ കർഷകർ വില്പനക്കാരായി മാറാം.
ഏലം
വിദേശ ഓർഡറുകൾ ഏലക്കവില ഉയർത്തി. കയറ്റുമതിക്കാർ ലേലത്തിൽ കൂടുതൽ ചരക്ക് സംഭരിച്ചത് ഉത്പന്ന വില ഉയരാനിടയാക്കി. വാരാരംഭം കിലോ 974 രൂപയിൽ നീങ്ങിയ മികച്ചയിനം ഏലക്ക വാരാന്ത്യം 1138 രൂപയായി. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ഉയർന്ന അളവിൽ ചരക്ക് വില്പനയ്ക്കു വന്നു. ഉത്സവ ആവശ്യങ്ങൾ മുൻനിർത്തി ഇടപാടുകാർ ലേലത്തിൽ പിടിമുറുക്കിയാൽ നിരക്ക് മുന്നേറാം.
കുരുമുളക്
കുരുമുളകിന് ആഭ്യന്തര വിദേശ ആവശ്യം ചുരുങ്ങി. ക്രിസ്മസ് ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ഒരു വിഭാഗം കർഷകർ മുളക് വിപണിയിൽ ഇറക്കിത്തുടങ്ങി. പുതുവർഷത്തിൽ പല ഭാഗങ്ങളിലും വിളവെടുപ്പിനു തുടക്കം കുറിക്കുമെന്നത് സ്റ്റോക്കിസ്റ്റുകളെയും വിപണിയിലേക്ക് തിരിക്കാം.
തെക്കൻ കേരളത്തിൽ മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പ് പുരോഗമിക്കുന്നു. സത്ത് നിർമാതാക്കളും അച്ചാർ വ്യവസായികളും മൂപ്പ് കുറഞ്ഞ മുളക് ശേഖരിച്ചു. യൂറോപ്യൻ കയറ്റുമതിക്ക് ടണ്ണിന് 6750 ഡോളറും അമേരിക്കൻ ഷിപ്പ്മെന്റിന് 7000 ഡോളറുമാണ് ഇന്ത്യൻ കുരുമുളക് വില. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 42,700 രൂപയിലും അണ് ഗാർബിൾഡ് 40,700ലുമാണ്.
സ്വർണം
സംസ്ഥാനത്ത സ്വർണവില വീണ്ടും ഉയർന്നു. ആഭരണശാലകളിൽ പവന് 240 രൂപ കയറി. 22,120 രൂപയിൽനിന്ന് പവൻ 22,360 രൂപയായി. ഒരു ഗ്രാമിന്റെ വില 2,795 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സിന് 1296 ഡോളറിലെത്തിയ മഞ്ഞലോഹത്തിന് 1308 ഡോളറിൽ പ്രതിരോധം നിലവിലുണ്ട്. ഈ റേഞ്ചിൽനിന്നു തിരുത്തൽ സംഭരിച്ചാൽ 1245 ഡോളറിലേക്ക് സ്വർണം സാങ്കേതിക പരീക്ഷണം നടത്താം. എന്നാൽ, ആദ്യ പ്രതിരോധം മറികടന്നാൽ സ്വർണം കൂടുതൽ തിളങ്ങാം.