കോഴിക്കോട്: കർഷകരെ തീരാദുഃഖത്തിലാഴ്ത്തി ഉത്പന്നവില കൂപ്പുകുത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാളികേരത്തിനും കുരുമുളകിനും വില മൂന്നിലൊന്ന് കുറഞ്ഞിട്ടും അധികൃതർ അറിഞ്ഞമട്ട് പ്രകടിപ്പിക്കുന്നില്ല. പണിക്കൂലി, വിവിധയിനം നികുതികൾ കുത്തനേ വർധിച്ചതു തുടങ്ങി ചെലവ് ക്രമാതീതമായി ഉയരുമ്പോഴാണ് കർഷകർക്ക് ഇരുട്ടടിയായി ഉത്പന്നവിലകൾ തകർന്നടിയുന്നത്.
വൻകിട കമ്പനികളുടെ ഒത്തുകളിയും ഇന്തോനേഷ്യയിൽനിന്നുള്ള കൊപ്ര-നാളികേര ഇറക്കുമതിയുമാണു നാളികേരത്തിന്റെ വിലയിടിവിനുകാരണമായി പറയുന്നത്. റബറിനു പണ്ടേ വിലയില്ല. മറ്റ് ഉത്പന്നങ്ങളുടെ പെട്ടെന്നുള്ള വിലയിടിവുംകൂടിയായപ്പോൾ കർഷക കുടുംബങ്ങൾ വറുതിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
എടുത്തപടി, റാസ്, ദിൽപസന്ത്, രാജാപുർ, ഉണ്ട തുടങ്ങി വിവിധയിനം കൊപ്രയ്ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 2500 രൂപയോളം കുറഞ്ഞു. നാളികേരം വെട്ടിതൂക്കത്തിന് കിലോയ്ക്ക് 56 രൂപയുണ്ടായിരുന്നത് 40 ആയും വെള്ളതൂക്കം കിലോയ്ക്ക് 46ൽ നിന്ന് 31 ആയും ഇടിഞ്ഞു.
വർഷത്തിൽ 5000 നാളികേരം ലഭിച്ചിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ 1500 പോലും ലഭിക്കുന്നില്ല. വിലയില്ലാത്തതിനാൽ വളം ചെയ്യാത്തതും രോഗബാധയും ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായെങ്കിലും അടുത്തിടെവരെ സാമാന്യം ഭേദപ്പെട്ട വില ലഭിച്ചത് നാളികേര കർഷകർക്ക് ആശ്വാസമായിരുന്നു.
അതാണിപ്പോൾ ചില എണ്ണക്കമ്പനി മാഫിയകളുടെ ഒത്തുകളിമൂലം ഇല്ലാതായിരിക്കുന്നത്. വിലകുറച്ച് നാളികേരം വാങ്ങി പിന്നീട് വൻവിലയ്ക്കു കയറ്റി അയയ്ക്കാനുള്ള വൻകിട വ്യാപാരികളുടെ തന്ത്രമായും ഇപ്പോഴത്തെ വിലയിടിവ് വിലയിരുത്തപ്പെടുന്നുണ്ട്.
ഈ ഫെബ്രുവരി എട്ടിലെ വിലയും ഇന്നലെത്തെ വിലയും(ബ്രായ്ക്കറ്റിൽ) വെളിച്ചെണ്ണ 22800 (19500), കൊപ്ര എടുത്തപടി-14400 (12000), റാസ്-13900 (11500), ദിൽപസന്ത്- 14500 (12100), രാജാപൂർ-14900 (13000), ഉണ്ട-13750 (11500). ഫെബ്രുവരി 23 മുതൽ ഒരോ ദിവസവും നാളികേര,കുരുമുളക് വില തകർന്നടിയുകയാണ്.
ഒരു ക്വിന്റൽ കുരുമുളക് നാടന്‍ 38100 രൂപയായിരുന്നു ഫെബ്രുവരി എട്ടിലെ വില. അത് ഇന്നലെ 34700 രൂപയായി ഇടിഞ്ഞു. കുരുമുളക് ചേട്ടന് 38900 ൽ നിന്ന് 35500 ആയും, വയനാടന്‍ 39900 ൽ നിന്ന് 36500 ആയും കുറഞ്ഞു. 3400 രൂപവീതമാണ് മൂന്നാഴ്ചകൊണ്ട് ഇടിഞ്ഞത്. കുരുമുളക് കൃഷിയുടെ വിളവെടുപ്പ് സീസണിൽ വിലയിടിക്കുന്ന തന്ത്രം ഈ വർഷവും സമർഥമായി നടപ്പാക്കി.
ബാബു ചെറിയാൻ