കൊല്ലം: സംസ്ഥാനത്ത് നാളീകേര ഉല്‍പ്പാദനം വീണ്ടെടുക്കാനായി രൂപീകരിച്ച നാളീകേര കാര്‍ഷിക വികസന കൗണ്‍സില്‍ വഴി 10 വര്‍ഷം കൊണ്ട് വാര്‍ഡുകള്‍ കേന്ദ്രികരിച്ചു രണ്ടു കോടി നാളീകേര തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
പരവൂര്‍ നഗരസഭയുടെ കേരസമൃദ്ധി പദ്ധതിയുടെ ഭാഗമായി നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയില്‍ മാതൃകാ നാളികേര തോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അത്യുല്‍പ്പാദന ശേഷിയുള്ള 300 ടി/ഡി തൈകളാണ് നട്ടത്.
7.5 ലക്ഷം ഹെക്ടറിലായാണ് കേരളത്തില്‍ നാളികേരകൃഷി നടക്കുന്നത്. ഒരു ഹെക്ടറില്‍ നിന്നും 6976 നാളികേരമാണ് ലഭിക്കുന്നത്. 10 കൊല്ലംകൊണ്ട് കേരളത്തിന്റെ നാളീകേര ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 8500 എന്ന നിരക്കില്‍ എത്തിക്കുമെന്നും 9 ലക്ഷം ഹെക്ടറിലേക്ക് കൃഷി വിപുലപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്മാന് കെ.പി.കുറുപ്പ് അധ്യക്ഷനായി. പരവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആര്. ഷീബ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. അനില്‍കുമാര്‍, ജെ. യാക്കൂബ്, സുധീര്‍ ചെല്ലപ്പന്, പി. നിഷാകുമാരി, ഡി.എം.ഒ. ഡോ. വി.വി. ഷേര്‍ലി, രാഷ്ട്രീയകക്ഷി നേതാക്കള്‍, രാമറാവു ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എബ്രഹാം അശോക്, പരവൂര്‍ നഗരസഭ സെക്രട്ടറി എന്‍. നൗഷാദ്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി. തേജസ്വീ ഭായി തുടങ്ങിയവര്‍ പങ്കെടുത്തു.