കൊടകര: പൊതിക്കാത്ത തേങ്ങയിൽ ജീവസുറ്റ മൃഗരൂപങ്ങളെ മെനഞ്ഞെടുക്കുകയാണ് ചെന്പുച്ചിറ സ്വദേശി പൊനത്തി കുട്ടപ്പൻ. ശിൽപ്പനിർമാണത്തിൽ ജന്മസിദ്ധമായുള്ള സർഗശേഷിയുടെ കരുത്തിലാണ് ഈ ഗ്രാമീണകലാകാരൻ തിളങ്ങുന്നത്. തേങ്ങയിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന അപൂർവ്വം കലാകാരന്മാരിലൊരാളാണ് കുട്ടപ്പൻ. കേരളീയത തുളുന്പുന്ന ശിൽപ്പങ്ങളിലധികവും കുരങ്ങുകളുടേതാണ്.
കുഞ്ഞുങ്ങളോടൊപ്പം കുട ചൂടി ഇരിക്കുന്ന തള്ളകുരങ്ങുകളും ഒറ്റക്കിരിക്കുന്ന കുരങ്ങുകളും കുട്ടപ്പന്റെ ശിൽപ്പശേഖരത്തിലുണ്ട്. ഇവക്കു പുറമേ ആന, ആമ, അണ്ണാറക്കണ്ണൻ, ഗണപതിഭഗവാൻ എന്നിവയും കുട്ടപ്പൻ തന്റെ കരവിരുതിലൂടെ രൂപപ്പെടുത്തുന്നു. വീട്ടിൽ സ്വന്തമായി തെങ്ങില്ലാത്തതിനാൽ വില കൊടുത്ത് തേങ്ങ വിലകൊടുത്തുവാങ്ങിയാണ് കുട്ടപ്പൻ ശിൽപ്പങ്ങൽ മെനയുന്നത്.
ഉളിയും കത്തിയും ഉപയോഗിച്ചാണ് തേങ്ങയെ ജീവസുറ്റ രൂപങ്ങളാക്കി മാറ്റിയെടുക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കളിമണ്ണിൽ ശിൽപ്പങ്ങളുണ്ടാക്കിയാണ് തുടക്കം. ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെയാണ് അന്ന് ആദ്യമായി കുട്ടപ്പൻ കളിമണ്ണിൽ രൂപപ്പെടുത്തിയത്. പിന്നീട് കുട്ടപ്പൻ വിവാഹശേഷമാണ് വീണ്ടും ശിൽപ്പനിർമാണത്തിലേക്ക് തിരിയുന്നത്. തേങ്ങയിലെന്ന പോലെ മരങ്ങളുടെ വേരുകളിലും ഇദ്ദേഹം ശിൽപ്പങ്ങൾ നിർമിക്കാറുണ്ട്.
റബർ പ്ലാന്റേഷനിലെ ജീവനക്കാരായിരുന്ന കുട്ടപ്പൻ ജോലി കഴിഞ്ഞു മടങ്ങുന്പോൾ വഴിയിൽ കാണുന്ന വേരുകൾ ശിൽപ്പനിർമാണത്തിനായി ശേഖരിക്കും. തേക്ക്, ശീമക്കൊന്ന തുടങ്ങി വിവിധ തരം മരങ്ങളുടെ വേരുകളാണ് ശിൽപ്പങ്ങൾക്കായി ഉപയോഗിക്കുന്നത്. മണ്ഡരിബാധ വ്യാപകമായതോടെ ശിൽപ്പനിർമാണത്തിനനുയോജ്യമായ തേങ്ങ കിട്ടാൻ പ്രയാസമായതായി കുട്ടപ്പൻ പറയുന്നു. ജോലിയിൽ നിന്ന് വിരമിച്ചതോടെ മുഴുവൻ സമയവും ശിൽപ്പങ്ങളുണ്ടാക്കാനായി വിനിയോഗിക്കുകയാണ് അറുപതുകഴിഞ്ഞ ഈ ഗ്രാമീണകലാകാരൻ.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ നൂറുകണക്കിനു ശിൽപ്പങ്ങളാണ് കുട്ടപ്പൻ തേങ്ങയിൽ തീർത്തിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുള്ള കാർഷികമേളകളിലും പ്രദർശനങ്ങളിലും കുട്ടപ്പൻ പങ്കെടുത്തിട്ടുണ്ട്. വിദേശികളടക്കം നിരവധി പേർ ഈ ഗ്രാമീണ കലാകാരന്റെ ശിൽപ്പങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഇക്കോ ഷോപ്പുകളിലേക്കും കുട്ടപ്പൻ ശിൽപ്പങ്ങൾ നിർമിച്ചു നൽകാറുണ്ട്