നാളികേരം സഹകരണ മേഖലയില്‍ സംഭരിക്കും; കഴിഞ്ഞ അഞ്ചുവര്‍ഷം കൊപ്രാ ഇറക്കുമതിയില്‍ വന്‍ക്രമക്കേടുകള്‍ നടന്നതായി കൃഷി മന്ത്രി

knr-sunilkumarകണ്ണൂര്‍:  നാളികേരം സഹകരണ മേഖലയില്‍ സംഭരിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനു മുന്നോടിയായി കേരകര്‍ഷക സംഘടനകളുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ (എഐകെഎസ്) ജില്ലാ കണ്‍വന്‍ഷന്‍ കണ്ണൂര്‍ ബാലറാം ട്രസ്റ്റ് കോംപ്ലക്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേര ഫെഡ് 55 കോടിയോളം രൂപ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്.

കേരഫെഡില്‍ 12 ടണ്ണോളം കൊപ്ര നിലവില്‍ സ്റ്റോക്കുണ്ട്. മുന്‍കാലങ്ങളില്‍ നല്ല തേങ്ങ തമിഴ്‌നാടിനു നല്‍കി അവിടെനിന്നും ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഇടപാടില്‍ വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തും. കേര ഫെഡിനെ സാമ്പത്തികമായി ഉയര്‍ത്താന്‍ 39 കോടി രൂപ നല്‍കും. ബാക്കി അടുത്ത ഗഡുവായി നല്‍കും. ഈ സര്‍ക്കാര്‍ വരുമ്പോള്‍ കേരഫെഡിന് 82 കോടി രൂപ കുടിശിക ഉണ്ടായിരുന്നു.

സര്‍ക്കാര്‍ വൈകാതെ അഗ്രികള്‍ച്ചറല്‍ ബിസിനസ് കേന്ദ്രങ്ങള്‍ ആരംഭിക്കും. നമ്മുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഒരു വിഹിതം കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. കാലാവസ്ഥ വ്യതിയാനം ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ മൊകേരി, എ. പ്രദീപന്‍, പി. സന്തോഷ് കുമാര്‍, പി.പി. സന്തോഷ് കുമാര്‍, കെ.ടി. ജോസ്, സി.പി. ഷൈജന്‍, കണ്ണാലയം ഭാസ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts