മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം മേക്കളപ്പാറ ഭാഗത്ത് കുരങ്ങുശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി.
ആന, പുലി തുടങ്ങിയവയുടെ ഭീഷണി നിലനില്‍ക്കേയാണ് പന്നി, മയിൽ, കുരങ്ങ് എന്നിവ വിളകൾ നശിപ്പിക്കുന്നത്. കണ്ടമംഗലം ടോമി എന്ന കർഷകന്റെ 800 തേങ്ങയാണ് കുരങ്ങുകൾ നശിപ്പിച്ചത്.
ഹൃദ്രോഗി കൂടിയായ ഇദ്ദേഹം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 14 ദിവസം കഴിഞ്ഞ് വന്നുനോക്കിയപ്പോഴാണ് കുരങ്ങ് കടിച്ചു നശിപ്പിച്ച തേങ്ങകൾ കാണുന്നത്.
നിലവിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. വാർത്തകളും സമരങ്ങളും നടത്തിയിട്ടും സർക്കാരിനോ ഉദ്യോഗസ്ഥർക്കോ യാതൊരു അനക്കവുമില്ല, കർഷകർക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നാണ് നാട്ടുകാരും പൊതുപ്രവർത്തകനുമായ നിജോ വർഗീസ് ആവശ്യപ്പെട്ടു.
എത്രയുംവേഗം വനംവകുപ്പ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.