കാട്ടാക്കട: ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വ്യാപകമാവുന്നു. പ്രമുഖ കമ്പനികളുടെ അപരനാമത്തിലുളള വ്യാജ വെളിച്ചെണ്ണകളാണ് വിപണിയിലുള്ളത്.
ഇത്തരം വെളിച്ചെണ്ണകൾ ആരോഗ്യത്തിന് ഹാനികരമായതാണ്. തിരുവനന്തപുരം കേന്ദ്രീകരച്ചുള്ള ഒരു സംഘമാണ് പല പേരുകളിലും വെളിച്ചെണ്ണ നിർമിക്കുന്നതെന്നും സൂചനയുണ്ട് .
ഇതിനാവശ്യമുള്ള അസംസ്കൃത വസ്തുക്കൾ തമിഴ്നാട്ടിൽനിന്നാണ് വരുന്നത്. സംസ്ഥാനമൊട്ടാകെ ഇത്തരം വെളിച്ചണ്ണകൾ വിൽപ്പനയ്ക്കായെത്തുന്നു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുളള കേര വെളിച്ചെണ്ണയ്ക്കു പോലും അപരന്മാരുണ്ട്.
നേരത്തേ പരിശോധന ശക്തമാക്കുകയും വ്യാജ ഉത്പന്നങ്ങൾക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ റെയ്ഡ് ഇല്ലാതെയായി.
പാരഫിൻ ഓയിലും മറ്റും അമിത അളവിൽ ചേർത്ത വെളിച്ചെണ്ണയാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ ലാബുകളിൽ അറുപതോളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
വിപണിയിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ പതിനേഴ് ബ്രാൻഡുകളിൽ പാരാഫിന്റെ അമിത സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചെറുകിട വ്യാപാരികളും ഗ്രാമീണമേഖലയിലുള്ള വ്യാപാരികളും ഉൾപ്പടെയുള്ളവർ ഇപ്പോൾ വ്യാജ വെളിച്ചെണ്ണ വിൽക്കേണ്ടുന്ന അവസ്ഥയാണ്. വ്യാജവെളിച്ചെണ്ണ വിൽപ്പനയ്ക്കായി വ്യാപാരികൾക്ക് കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.
വ്യാജവെളിച്ചെണ്ണ ലിറ്ററിന് 110നും 120നും കിട്ടുന്നു. ഇതോടെ ഹോട്ടൽ, തട്ടുകടകൾ എന്നിവിടങ്ങളിൽ വറുക്കാനുപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം കുറയുന്നെന്നും ആക്ഷേപമുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് തേങ്ങയുടെ ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞെന്നു കർഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്നാണു വിലയിരുത്തൽ.
ഇപ്പോൾ തമിഴ്നാട്ടിൽനിന്നും മറ്റുമാണു പ്രധാനമായും തേങ്ങ വിപണിയിൽ എത്തുന്നത്. ജില്ലയിൽ പലയിടത്തും തമിഴ്നാട്ടിൽനിന്ന് ലോഡുകണക്കിനു പച്ചത്തേങ്ങയെത്തുന്നുണ്ട്.
ഇവരിൽനിന്നു ചെറുകിട കച്ചവടക്കാർ വാങ്ങിയാണു വിപണിയിലെത്തിക്കുന്നത്. എണ്ണക്കുറവുള്ള തേങ്ങയ്ക്ക് രുചിക്കുറവ് സ്വാഭാവികമാണ്. ഇതുമൂലം കറിയുടെ രുചിയും കുറയുന്നു. അതിനിടെയാണ് വ്യാജ വെളിച്ചെണ്ണ സുലഭമായി കിട്ടുന്നത്.