സ്വന്തം ലേഖകൻ
കോഴിക്കോട്: നാളികേരത്തിന് വിലകൂടിയിട്ടും നേട്ടമുണ്ടാക്കാൻ കഴിയാതെ കർഷകർ.ആവശ്യത്തിന് തേങ്ങ ഇല്ലാത്തതാണ് കാരണം. വിലകൂപ്പുകുത്തിയസമയത്ത് ആരും പറന്പുകളിൽ തിരിഞ്ഞു നോക്കാതെ ആയി. തെങ്ങിൻമേൽ കയറാനും ആളെകിട്ടാതായി. ഇതോടെ തെങ്ങിനെ ‘മയക്കുന്ന’ പ്രവർത്തനവും നിന്നു. ഇന്ന് മിക്ക പറന്പുകളിലും നാളികേരം കിട്ടാക്കനിയാണ്. ഇതോടെ തേങ്ങവിലയും വെളിച്ചെണ്ണ വിലയും കുതിച്ചുകയറി.
നാളികേര ഉത്പാദനത്തിലുണ്ടായ ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് വെളിച്ചെണ്ണ ചില്ലറ വിലയിൽ റിക്കാർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 200-225 രൂപവരെയാണ് വില. ഓണം മുതലാണ് വെളിച്ചെണ്ണ വിലയിൽ വൻ വർധനവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലിറ്ററിന് 120-130 രൂപയായിരുന്നു വില. വെളിച്ചെണ്ണ വില കൂടിയതിനെ തുടർന്ന് തേങ്ങയ്ക്കും വില വർധിച്ചിട്ടുണ്ട്. നാളികേരം ഒന്നിന് ശരാശരി 15 രൂപവരെ ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്.
കിലോക്ക് 38 രൂപ വരെ കഴിഞ്ഞ ദിവസം തേങ്ങവില വർധിച്ചെങ്കിലും 36.50 രൂപയാണ് ശരാശരി നിരക്ക്. ശബരിമല സീസണ് കൂടി ആരംഭിച്ചാൽ ആവശ്യം വർധിക്കുന്നതിനാൽ വില വീണ്ടും കൂടിയേക്കുമെന്നും കച്ചവടക്കാർ പറയുന്നുകഴിഞ്ഞ വർഷം കൂടിയ വിലയായി 27 രൂപയാണ് മാർക്കറ്റിൽനിന്നും കർഷകർക്കു ലഭിച്ചിരുന്നത്. കൃഷി ഭവനുകൾ വഴി പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നപ്പോൾ കിലോക്ക് ലഭിച്ചിരുന്ന ഉയർന്ന വില 28 രൂപയായിരുന്നു.
വൻകിട തോട്ടങ്ങളിൽനിന്നും മാത്രമാണ് ഇപ്പോൾ മാർക്കറ്റിലെത്തുന്നതെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. സാധാരണ കേരളത്തിൽ ഉത്പാദനം കുറയുന്പോൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും നാളികേരം കേരളത്തിലേക്ക് ധാരാളമായി എത്താറുണ്ട്. ഇത്തവണ അവിടെയും ഉത്പാദനക്കുറവ് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. കൊപ്ര ഉത്പാദനത്തിനായാണ് നാളികേരം പ്രധാനമായും പോകുന്നത്. കൊപ്രവിപണി വിലയനുസരിച്ചാണ് പച്ചത്തേങ്ങയുടെ വിലയിലും മാറ്റമുണ്ടാകുത്. കൊപ്രക്കും വെളിച്ചെണ്ണക്കും വിപണിയിൽ വിലയുയരുകയാണ്.
മഴ തുടരുന്നതിനാൽ തേങ്ങയുടെ ഉത്പാദനം ഇനിയും വർധിക്കാൻ സാധ്യത കുറവാണെന്നും വില കുറയാനുള്ള സാഹചര്യം ഇതോടെ മങ്ങുമെന്നുമാണ് വ്യാപാരികളുടെ കണക്കു കൂട്ടൽ. 2015 നു ശേഷം ഇതാദ്യമായാണ് വെളിച്ചെണ്ണ വിലയിൽ ഇത്രയേറെ കുതിച്ചു കയറ്റമുണ്ടാകുന്നത്. പ്രതിസന്ധി മുതലെടുത്ത് മായം കലർന്ന വെളിച്ചെണ്ണയും വിപണിയിലെത്തുന്നുണ്ട്. തമിഴ്നാട്ടിലെ കാങ്കയത്തു നിന്നാണ് കേരളത്തിലേക്ക് മായം കലർന്ന വെളിച്ചെണ്ണ എത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു.