ചങ്ങരംകുളം: നാളികേരത്തിന്റെ വില കത്തിക്കയറിയതോടെ വെളിച്ചെണ്ണക്കും വില കുതിക്കുന്നു. വിപണിയിൽ പത്തും പതിനഞ്ചും രൂപ വിലയുണ്ടായിരുന്ന നാളികേരത്തിന് 45ഉം 50ഉം ആണ് കിലോയുടെ വില. നാളികേരത്തിന് ഡിമാൻഡ് വർധിച്ചതോടെ തെങ്ങ് കയറുന്നവരുടെയും ഡിമാൻഡ് വർധിച്ച് തുടങ്ങിയത് ഇളനീർ വിപണിയിലും വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.
20ഉം 30ഉം രൂപ വിലയുണ്ടായിരുന്ന ഇളനീർ 50 രൂപ വരെയാണ് നിലവിലെ വിൽപ്പന. പാതയോരങ്ങളിൽ ചൂട് കൂടിയതോടെ ഇളനീർ കച്ചവടക്കാരുടെ എണ്ണം കൂടിയെങ്കിലും വിൽപനയ്ക്ക് ആവശ്യമായ ഇളനീർ ലഭിക്കാത്തത് കച്ചവടത്തെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.
നാളികേരത്തിന് ഡിമാൻഡ് വർധിച്ചതോടെ വെളിച്ചെണ്ണ വിലയും കുതിച്ച് കയറുകയാണ് 190 ഉണ്ടായിരുന്ന വെളിച്ചെണ്ണ കിലോക്ക് 210 രൂപ ആയിട്ടുണ്ട്. വിലയില്ലാതിരുന്ന നാളികേര കൃഷിയെ കർഷകർ കാര്യമായി ശ്രദ്ധിക്കാതിരുന്നതും നാളികേരത്തിന്റെ വിളവ് കുറഞ്ഞതും നാളികേരത്തിന് ഡിമാൻഡ് വർധിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
നാളികേരത്തിന്റെ ഉൽപാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നാണ് കർഷകരും പറയുന്നത്.നാളികേര വില കുത്തനെ ഉയർന്നത് കേര കർഷകരെ ആശ്വാസത്തിലാക്കിയിട്ടുണ്ട്.