തുറവൂർ: തിരക്കേറിയ തുറവൂർ-പമ്പാ പാതയിൽ തുറവൂർ കവലയ്ക്കു കിഴക്ക് റോഡിനു കുറുകേ അപകട ഭീഷണി ഉയർത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ്.
സദാ സമയവും നിരവധി വാഹനങ്ങളും കാൽനട യാത്രികരും കടന്നു പോകുന്ന റോഡിന് മുകളിൽ കുറുകെ നിൽക്കുന്ന തെങ്ങിന് താഴെക്കൂടി വൈദ്യുത കമ്പികളും പോകുന്നുണ്ട്. ശക്തമായ കാറ്റിൽ ആടി ഉലയുന്ന തെങ്ങ് ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
എന്നാൽ വൈദ്യുത കമ്പികളുടെ മുകളിലൂടെ കിടക്കുന്ന തെങ്ങ് കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തെങ്ങ് മറിഞ്ഞ് ലൈൻ കമ്പിയിൽ വീണ് പൊട്ടിയാൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിരന്തരം വാഹനങ്ങളും ജനങ്ങളും സഞ്ചരിക്കുന്ന റോഡിന് സമാന്തരമായാണ് വൈദ്യൂത കമ്പികളും കടന്നുപോകുന്നത്.
ഹൈ ടെൻഷൻ പതിനൊന്ന് കെ.വി ലൈൻ വലിക്കുന്നതിന് മുന്നോടിയായി ലൈൻ കടന്നു പോകുന്നതിന് സമീപം നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി നമ്പർ ഇട്ടിട്ടുള്ള തെങ്ങാണിതെന്നും എത്രയും വേഗം തെങ്ങ് മുറിച്ച് മാറ്റണമെന്നും സമീപവാസികൾ ആവശ്യപ്പെടുന്നു.
എന്നാൽ തെങ്ങ് അപകടാവസ്ഥയിൽ നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉടനടി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കുത്തിയതോട് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
റോഡിന്റെ വീതി കൂട്ടുമ്പോൾ ഹൈടെൻഷൻ കമ്പികൾ വലിയ്ക്കുന്നതിനായി സ്ഥാപിച്ച പോസ്റ്റുകൾ മാറ്റേണ്ടതിനാലാണ് സമീപത്തെ കെഎസ്ഇബി നമ്പറിട്ട വൃക്ഷങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതെന്നും അസിസ്റ്റൻ്റ് എൻജിനിയർ അറിയിച്ചു.