വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന്‍ തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന്‍ തൈ നടുന്നത് പരമ്പരാഗതമായ ഒന്നായതിനാല്‍ കൂടുതലായി അറിയാന്‍ ഒന്നുമില്ലെന്നു ധരിക്കുന്നവരാണ് അധികവും. എന്നാല്‍, തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണു വാസ്തവം.
സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു മാത്രമേ തെങ്ങ് നടാവൂ. മറ്റു മരങ്ങളുടെ തണലില്‍ തെങ്ങ് കരുത്തോടെ വളര്‍ന്നു നല്ല കായ്ഫലം തരില്ല.
അടിതൈ വയ്ക്കുമ്പോള്‍ നിലവിലുള്ള തെങ്ങും തൈ തെങ്ങും തമ്മില്‍ 3.5 മീറ്ററെങ്കിലും അകലമുണ്ടാവണം. പുതിയ സ്ഥലമാണെങ്കില്‍ തൈകള്‍ തമ്മില്‍ 25 അടി അകലമുണ്ടാകണം.
കുഴി ഒരു മീറ്റര്‍
സാധാരണ മണ്ണില്‍ ഒരു മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴിയെടുത്ത് വേണം തൈ നടാന്‍. എന്നാല്‍, വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 മീറ്റര്‍ വലിപ്പമുള്ള കുഴി വേണം. കട്ടി കുറഞ്ഞ മണല്‍ മണ്ണിലെ കുഴിക്ക് 0.75 മീറ്റര്‍ വലുപ്പം മതിയാവും.
നാലു മുതല്‍ ആറ് വര്‍ഷം കൊണ്ട് തടി വിരിഞ്ഞ് തറനിരപ്പിനു മുകളിലെത്താന്‍ കുഴിയുടെ അളവ് പ്രധാനമാണ്. നേരെ മറിച്ച് ചെറിയ കുഴിഎടുത്ത് തൈ നട്ടാല്‍ തെങ്ങ് വലുതാകുമ്പോള്‍ കടഭാഗത്തിനു വണ്ണം കൂടുകയും, വേരുപടലം മണ്ണിനു മുകളില്‍ കാണപ്പെടുകയും ചെയ്യും.
ഈ ഭാഗത്തുള്ള വിള്ളലിലൂടെ ചെമ്പന്‍ ചെല്ലിയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയേറെയാണ്. കാറ്റില്‍ തെങ്ങു കടപുഴകി വീഴാനും സാധ്യതയുണ്ട്.
മേല്‍മണ്ണിട്ട് കുഴി നിറയ്ക്കണം
കുഴി എടുക്കുമ്പോള്‍ നീക്കം ചെയ്ത മേല്‍മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടി ഒരു കിലോ ഡോളോമൈറ്റ് എന്നിവയുടെ മിശ്രിതം കുഴിയിലിട്ട് 60 സെ. മീ വരെ കുഴി നിറയ്ക്കണം.
അതിനുശേഷം കുഴിയുടെ മധ്യഭാഗത്തായി തൈയുടെ അല്ലെങ്കില്‍ പോളിത്തിന്‍ കവറിലെ മണ്ണോടുകൂടി വിത്തുതേങ്ങ ഇറക്കി വയ്ക്കത്തക്കവിധം ഒരു ചെറിയ കുഴി ഉണ്ടാക്കി വേണം നടാന്‍.
കുഴി മൂടുന്നതിനു മുമ്പായി കുഴിയുടെ അടിഭാഗത്തായി രണ്ടുവരി തൊണ്ട് മലര്‍ത്തി അടുക്കുന്നതു വേനല്‍ക്കാലത്ത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. തൊണ്ട് അടുക്കുമ്പോള്‍ ചിതലിന്റെ ശല്യം കൂടുതലാകാന്‍ ഇടയുണ്ട്.
അതുകൊണ്ട് തൊണ്ടിന് മുകളിലായി ക്ലോറോപൈറിഫോസ് 2 മി. ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.
കൂടാതെ വേപ്പിന്‍ പിണ്ണാക്ക് കുഴി ഒന്നിന് ഒരു കിലോ എന്നതോതില്‍ മേല്‍മണ്ണുമായി ചേര്‍ത്താല്‍ ചിതല്‍ ശല്യം ഒഴിവാക്കാം. വെട്ടുകല്‍ പ്രദേശങ്ങളില്‍ കുഴിമുടുന്നതിനു മുമ്പായി 1 കിലോ കല്ലുപ്പ് ഉട്ടുകൊടുക്കുന്നതും നല്ലതാണ്.
തൈകളുടെ ഗുണമേന്മ പ്രധാനം
* കരുത്തോടെയും പുഷ്ടിയോടെയും വളരുന്ന 10-12 മാസം പ്രായമുള്ള തൈകളാണ് തെരഞ്ഞെടുക്കേണ്ടത്.
* തൈകള്‍ക്ക് 10 മുതല്‍ 12 സെ. മീ കടവണ്ണം ഉണ്ടായിരിക്കണം.
* നല്ല പച്ച നിറവും വീതിയുള്ളതുമായ ആറ് ഓലകള്‍.
* നേരത്തെ ഓലക്കാലുകള്‍ അഥവാ പീലി ഓലവിരിയല്‍
* നഴ്‌സറിയില്‍ പാകിക്കഴിഞ്ഞ് ആദ്യം മുളച്ചവ, വളര്‍ച്ച മുരടിച്ചതോ, ശേഷിച്ചതോ ആയവ എന്നിവ ഒഴിവാക്കണം.
തൈയുടെ കടഭാഗം മണ്‍നിരപ്പില്‍ നിന്ന് വ്യക്തമായി കാണത്തക്കവിധം നടണം.
കുഴി 60 സെ. മീ. ആഴം വരെ നിറച്ചശേഷം മധ്യഭാഗത്തായി ഒരു ചെറിയ കുഴി ഉണ്ടാക്കി വിത്തു തേങ്ങാ അതിലേയ്ക്ക് ഇറക്കിവച്ച് നാലുവശത്തുനിന്നും മണ്ണു നീക്കിയിട്ട് കാലുകൊണ്ട് നല്ലതുപോലെ ചവിട്ടി ഉറപ്പിച്ചുവേണം നടാന്‍.
നട്ടു കഴിഞ്ഞ് തൈയുടെ മോട് ഭാഗം അതായത് കടഭാഗം (തേങ്ങയുമായി ചേരുന്ന ഭാഗം) മണ്‍ നിരപ്പില്‍ നിന്ന് വ്യക്തമായി കാണത്തക്കവിധം ഉയര്‍ന്നിരിക്കണം. ഇപ്രകാരം മണ്ണു ചവിട്ടി ഉറപ്പിക്കുമ്പോള്‍ ചുവട്ടില്‍ വെള്ളം കെട്ടി നിന്ന് തൈ അഴുകി പോകാതിരിക്കാന്‍ ചുറ്റുമുള്ള മണ്ണ് ഒരു കോണിന്റെ ആകൃതിയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം.
തൈകള്‍ നടുമ്പോള്‍ തന്നെ വളപ്രയോഗവും
തുടര്‍ച്ചയായി തെങ്ങു നട്ടുവളര്‍ ത്തുന്ന നമ്മുടെ മിക്കവാറും പ്രദേശങ്ങളിലും പേഷകമൂലകങ്ങളുടെ അഭാവം കണ്ടുവരുന്നുണ്ട്.
അതിനാല്‍, തൈ നടാനായി കുഴിയില്‍ മേല്‍മണ്ണു നിറയ്ക്കുമ്പോള്‍ തന്നെ തുടങ്ങണം ശാസ് ത്രീയ വളപ്രയോഗം. അമ്ലത്വം കുറയ്ക്കാന്‍ മേല്‍മണ്ണിനോടൊപ്പം 1 കിലോ എന്ന തോതില്‍ ഡോളോമൈറ്റ് ചേര്‍ക്കണം.
കൂടാതെ 10 കിലോ ഉണക്കചാണകം 5 കിലോ വേപ്പിന്‍ പിണ്ണാക്ക്, അര കിലോ സുപ്പര്‍ഫോസ്‌ഫേറ്റ് എന്നിവ കൂടി ചേര്‍ക്കുന്നത് തൈയുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ലതാണ്.
വെട്ടുകല്‍ പ്രദേശങ്ങളില്‍ ഓരോ കൈ വീതം കല്ലുപ്പും, ചാരവും ചേര്‍ക്കുന്നതു തൈകള്‍ കരുത്തോടെ വളരുന്നതിനു സഹായിക്കും ഫോണ്‍: 9446054597
ആര്‍. ജ്ഞാനദേവന്‍
ഡെപ്യൂട്ടി ഡയറക്ടര്‍ (റിട്ട.), നാളികേര വികസന ബോര്‍ഡ്