കോട്ടയം: ചെല്ലിശല്യത്തില് പൊറുതിമുട്ടി നാളികേര കര്‍ഷകര്‍. തെങ്ങിന് തൈകളില്‍ ചൊട്ടവീണ് കര്ഷകനില് പ്രതീക്ഷ മുളക്കുന്നതിനു മുമ്പേ ചെല്ലികളുടെ ഉപദ്രവം തുടങ്ങും.കൊമ്പന് ചെല്ലിയുടെ ആക്രമണം മൂലം കൂമ്പുചീയല്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും ഉണ്ടാകുന്നു. ഇവ തെങ്ങിന്റെ കനംകുറഞ്ഞ ഭാഗങ്ങളിലൂടെ ഉള്ളില്‍ പ്രവേശിച്ച മുട്ടയിടുന്നു വിരീഞ്ഞു വരുന്ന ലാര്‍വകള്‍ തെങ്ങിന്റെ ഉള്‍വശം തിന്നുതീര്‍ത്ത് തെങ്ങിനെ നശിപ്പിക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരില്‍ 95ശതമാനം ആളുകളും പരാജയപ്പെട്ടത് ചെല്ലിശല്യം മൂലമാണ്. ഇപ്പോള്‍ ഇവയുടെ ശല്യം കമുകിലേക്കും പനയിലേക്കും എത്തിയിട്ടുണ്ട്. മണ്ടപോയ പന, കമുക്, തെങ്ങ് ഇവ പറമ്പുകളില്‍ വെട്ടിയിട്ടിനുശേഷം കത്തിച്ചു നശിപ്പിച്ചാല്‍ മാത്രമേ ചെല്ലികളെ ഇല്ലാതാക്കാന്‍ സാധിക്കൂ.
ചെല്ലിയുടെ ആക്രമണം തടയാനുള്ള രാസകീടനാശിനികളുടെ ഉയര്‍ന്ന വില കര്‍ഷകരെ കടക്കെണിയിലാക്കുന്നു. ഇത് ഗുരുതരമായ ഒരുവിഷയമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
ചെല്ലിശല്യത്തെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്കി ചെല്ലിനിര്മാര്ജനയജ്ഞത്തിനു തുടക്കമിടാന്‍ കൃഷി വകുപ്പ് തയാറാകണമെന്ന ആവശ്യവും ശക്തമാണ്.