കുറവിലങ്ങാട്: സംസ്ഥാനത്തിന്റെ പേരിനുതന്നെ കാരണമായ തെങ്ങുകൃഷി ഗണ്യമായി കുറയുന്നു. കീടങ്ങളെ അതിജീവിച്ച് തെങ്ങിന്റെ പരിപാലനം ശ്രമകരമാകുന്ന സാഹചര്യത്തിലാണ് കർഷകർ തെങ്ങുകൃഷിയോട് വിട പറയുന്നത്.തെങ്ങുകൃഷിക്ക് ഏറ്റവും അനുയോജ്യസമയം എന്ന നിലയിൽ കൃഷിഭവനുകളിൽ എത്തിച്ച തെങ്ങിൻ തൈകളിൽ പകുതിയും ഓഫീസുകളിൽ ബാക്കിനിൽക്കുകയാണ്.
ആയിരത്തോളം തെങ്ങിൻ തൈകളാണ് വിതരണത്തിന് ഓരോ കൃഷിഭവനിലും എത്തിച്ചത്. ഇതിൽ പകുതിപോലും പലയിടങ്ങളിലും വിറ്റഴിക്കാൻ കഴിഞ്ഞിട്ടില്ല.ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനാൽ കർഷകർ നൽകേണ്ടത് നാമമാത്ര വിലയാണെങ്കിലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണ്. നഴ്സറികളിൽ 150 രൂപയ്ക്ക് ലഭിക്കുന്ന തൈകൾ കൃഷിഭവനുകളിൽ 50 രൂപയ്ക്കാണ് നൽകുന്നത്.
100 രൂപ നൽകിയാൽ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് നേരിട്ട് ലഭ്യമാക്കാൻ കഴിയും.ജില്ലയിൽ ഏറ്റവും കൂടുതൽ തെങ്ങിൻതൈ ഉത്പാദിപ്പിക്കുന്നത് കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലാണ് .ഇവിടെ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറച്ചു തൈകളാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. അര ലക്ഷത്തോളം തൈകൾ ഉത്പാദിപ്പിച്ചിരുന്ന ഇവിടെ ഇക്കുറി മുപ്പതിനായിരത്തോളം തൈകൾ മാത്രമാണ് ഉത്പാദിപ്പിച്ചത്.
ഇതിൽ നാലായിരത്തോളം തൈകൾ ജില്ലാ കൃഷിത്തോട്ടത്തിൽതന്നെ നേരിട്ട് വില്പനയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ ഇനിയും തൈകൾ ആവശ്യക്കാരെ കാത്തിരിക്കുകയാണ്. ബാക്കിയുള്ളവ നാളികേരവികസനപദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളിലൂടെ വിതരണത്തിന് എത്തിച്ചു.
തെങ്ങിന്റെ പരിപാലനവേളയിൽ കീടങ്ങളുടെ ആക്രമണമാണ് കർഷകരുടെ വിമുഖതയുടെ പ്രധാനകാരണം. കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയുമാണ് പ്രധാനമായും പ്രശ്നക്കാരായി മാറുന്നത്.